ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഹരജി; ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെയോ അനുമതിയോ ശുപാർശയോ ഇല്ലാതെ ചീഫ് ഇലക്ഷൻ കമീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചാണ് ഹരജികൾ ഫയൽ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പട്ന സ്വദേശിയായ രാകേഷ് കുമാർ സിങ്, അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി തുടങ്ങിയവരാണ് ഹർജിക്കാർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ തീരുമാനമെന്ന ചട്ടത്തെ ലംഘിച്ച്, ഗ്യാനേഷ് കുമാർ വ്യക്തിപരമായി അധികാരം പ്രയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 23ന് ‘ഇന്ത്യൻ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും എതിരെ ഔദ്യോഗികമായി എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. വോട്ടർ രജിസ്ട്രേഷനായുള്ള ‘ഫോം 6’ൽ വരുത്തിയ മാറ്റങ്ങൾ, കമീഷനിലെ മറ്റ് അംഗങ്ങളുടെ വിയോജിപ്പ് മറികടന്നാണ് നടപ്പിലാക്കിയത് എന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഗോവ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.