എസ്.ഐ.ഒ 'അന്നൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്' ഉജ്ജ്വല പരിസമാപ്തി
ന്യൂഡൽഹി: ഡൽഹിയിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കാമ്പസിൽ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) സംഘടിപ്പിച്ച അന്നൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് സമാപനം. 'ഒരു പുതിയ പുലരിയിലേക്ക്' (Towards a New Dawn) എന്ന പ്രമേയത്തിൽ നടന്ന രണ്ട് ദിവസത്തെ സാഹിത്യോത്സവത്തിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തു.
ചിന്തോദ്ദീപകമായ ആശയവിനിമയവും വിമർശനാത്മക ചിന്തയും സാമൂഹിക പ്രതിഫലനങ്ങളും ലക്ഷ്യം വെച്ച ഫെസ്റ്റിവൽ, ഇസ്ലാമിക പൈതൃകം, തത്ത്വചിന്ത, സാഹിത്യം, കല, ഇസ്ലാമിക നാഗരികതയുടെ സംഭാവനകൾ, സമകാലിക സാഹചര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. മൂന്ന് സമാന്തര വേദികളിലായി പ്രഗൽഭരുടെ പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങിയവ ഫെസ്റ്റിൽ അരങ്ങേറി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അസീസ് റഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എം.പി മൊഹിബുല്ല നദ്‌വി, പ്രൊഫ. നിവേദിത മേനോൻ, പ്രൊഫ. ഷാഫെ കിദ്വായി, പ്രൊഫ. അമിതാഭ് കുണ്ടു, ഡോ. അമീറുല്ല ഖാൻ, ഡോ. ഗസാല ജമീൽ, മാധ്യമപ്രവർത്തകൻ കുനാൽ പുരോഹിത്, ചലച്ചിത്ര നിർമ്മാതാവ് നകുൽ സാഹ്നി തുടങ്ങിയ പ്രമുഖർ ഫെസ്റ്റിൽ സംവദിച്ചു.
എഴുത്തുകാർ, രാഷ്ട്രീയ നേതാക്കൾ, അക്കാദമിക് വിദഗ്ധർ, പണ്ഡിതന്മാർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള ആളുകളാണ് രണ്ടുദിവസത്തെ പരിപാടിയിൽ സജീവമായി പങ്കെടുത്തത്.
'വഖഫ്, മദ്രസ, മസ്ജിദ് എന്നിവയുടെ ഭാവി' എന്ന വിഷയത്തിൽ നടന്ന നിർണായക സെഷനിൽ, ഇന്ത്യയിലെ പ്രധാന ഇസ്ലാമിക സ്ഥാപനങ്ങൾ നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും ഭീഷണികളും ചർച്ച ചെയ്യാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമുദായ നേതാക്കളും ഒത്തുചേർന്നു. ചർച്ചയിൽ മൊഹിബ്ബുല്ല നദ്‌വി എം.പി., മലിക് മുഅതസിം ഖാൻ, ഡോ. എസ്.ക്യു.ആർ. ഇല്യാസ് എന്നിവർ പങ്കെടുത്തു.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് രണ്ട് പതിറ്റാണ്ട് തികയുന്ന പശ്ചാത്തലത്തിൽ പ്രൊഫ. അമിതാഭ് കുണ്ടു, ഡോ. അബു സ്വാലിഹ് ഷെരീഫ്, ശ്രീ അമീറുല്ല ഖാൻ എന്നിവർ മുസ്ലിം സമൂഹം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പാർശ്വവൽക്കരണവും പ്രാദേശികമായ അസമത്വങ്ങളും വിശകലനം ചെയ്തു.
"ആരുടെ അറിവാണ് ഇന്ത്യൻ അറിവായി കണക്കാക്കപ്പെടുന്നത്? വിദ്യാഭ്യാസം, പാഠ്യപദ്ധതി, അധികാര പുനഃക്രമീകരണം" എന്ന സെഷനിൽ പ്രൊഫ. നിവേദിത മേനോൻ വിദ്യാഭ്യാസ നയം, മതേതരത്വം, അപകോളനീകരണം എന്നിവയെ വിമർശനാത്മകമായി പരിശോധിച്ചു.
വിദ്വേഷം നിറഞ്ഞ സംഗീതവും ഹിന്ദുത്വ പോപ്പ് സംസ്കാരവും ശത്രുതയും വർഗീയ ധ്രുവീകരണവും ഇളക്കിവിടാൻ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുനാൽ പുരോഹിത് സംസാരിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷപ്രചാരണങ്ങളെ എങ്ങനെ വ്യാപകമാക്കുന്നുവെന്ന് പരിശോധിക്കുകയും ബഹുസാംസ്കാരിക സഹവർത്തിത്വം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം പ്രചാരണങ്ങളെ അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
"ഡോ. അബ്ദുൽ ഹഖ് അൻസാരിയെ വായിക്കുമ്പോൾ: സൂഫിസവും ശരീഅത്തും" എന്ന പാനലിൽ ഡോ. ഖാൻ യാസിർ, ഡോ. മുഹമ്മദ് മുഷ്താഖ് തജാർവി എന്നിവരും ഇസ്ലാമിക സൗന്ദര്യശാസ്ത്രം, സാഹിത്യം, ഉത്തരാധുനികത എന്ന വിഷയത്തിൽ ഡോ. ഹസൻ റസ സാഹിബും മുഖ്യപ്രഭാഷണം നടത്തി.
"മുസ്ലിം സ്ത്രീയുടെ പ്രാതിനിധ്യവും അധികാര ഘടനകളും" എന്ന വിഷയത്തിൽ നടന്ന സെഷനിൽ ഡോ. അംബരീൻ ആഗ, ഷൈമ എസ് എന്നിവരും മുഹമ്മദ് സാജിദ്, സരീൻ ഖാൻ, സുപ്രിയ ജോഷി എന്നിവർ പങ്കെടുത്ത സെഷനിൽ പുതിയപഠന മാതൃകളെക്കുറിച്ചും
മറ്റ് സെഷനുകളിൽ പൗരാവകാശങ്ങൾ സാങ്കേതികവിദ്യയും എ.ഐയും, മാധ്യമ പ്രാതിനിധ്യം, പരിസ്ഥിതി, തത്ത്വചിന്ത, ബദൽ വിദ്യാഭ്യാസം, പൊതു വിജ്ഞാന സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
സിനിമ, രാഷ്ട്രീയ സിദ്ധാന്തം, തത്ത്വചിന്ത എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള ബൗദ്ധിക ഇടപെടലുകൾ സാധ്യമാക്കിയ മൂന്ന് സംവേദനാത്മക വർക്ക്‌ഷോപ്പുകൾ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. സിനിമയെയും തിരക്കഥാരചനയെയും കുറിച്ച് അദ്നാൻ സാഫി പ്രായോഗികതലത്തിൽ വർക്ക്‌ഷോപ്പ് നയിച്ചപ്പോൾ, 'ഭരണകൂടം, രാഷ്ട്രം, മതം; ആസാദിലൂടെ ചിന്തിക്കുമ്പോൾ ' എന്ന തലക്കെട്ടിൽ ഡോ. ഇർഫാനുള്ള ഫാറൂഖി ഒരു സെഷന് നേതൃത്വം നൽകി.
കൂടാതെ, 'തത്ത്വചിന്ത, അധികാരം, രാഷ്ട്രീയം;അല്ലാമ ഇഖ്ബാലിനൊപ്പം ചിന്തിക്കുമ്പോൾ' എന്ന തലക്കെട്ടിൽ ഡോ. ഹുസൈഫ ഉമൈർ സിദ്ദിഖി സമകാലിക ചർച്ചകളിലെ ഇഖ്ബാലിയൻ ചിന്തകളെക്കുറിച്ച് ഒരു വർക്ക്‌ഷോപ്പ് നടത്തി. ഡോ. സുമൈറ നവാസ് 'മസ്ജിദ് സേ മൈഖാന തക്: മതം, ആക്ഷേപഹാസ്യം, സാഹിത്യ ആധുനികത' എന്ന സെഷനിൽ മുസ്ലിം ധൈഷണിക പാരമ്പര്യത്തിലെ ആത്മപരിശോധനാപരമായ നർമ്മത്തിന്റെ പങ്ക് എടുത്തുപറഞ്ഞു.
അക്കാദമിക സംഭാഷണങ്ങൾക്കപ്പുറം സദസ്യരെ ഊർജ്ജസ്വലമാക്കിയ കലാ-സാംസ്കാരിക പരിപാടികളും ഫെസ്റ്റിവലിൽ അരങ്ങേറി. ഗാസയിൽ നിന്നുള്ള ഫലസ്തീൻ ചിന്തകൻ, കവി, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ ഡോ. റിഫാഅത് അൽ അരീരിനായി സമർപ്പിച്ച എക്സിബിനിൽ ഇസ്ലാമിക നാഗരിക ചരിത്രം, കല, കാലിഗ്രാഫി, മുസ്ലിം സ്വത്വം എന്നീ പ്രമേയങ്ങൾ പ്രതിഫലിച്ചു.ഫെസ്റ്റിവലിന്റെ 'ഒരു പുതിയ പുലരിയിലേക്ക്' എന്ന പ്രമേയത്തെ അർഥ വത്താക്കിക്കൊണ്ട് കലാപരമായ ആവിഷ്കാരങ്ങളിലൂടെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കൂടാതെ, ഖുറം മുറാദും സംഘവും അല്ലാമ ഇഖ്ബാലിന്റെ കവിതകളുടെ ആലാപനം നിർവഹിച്ചു. സയ്യിദ് സാഹിൽ ആഗ സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബിയെക്കുറിച്ച് നടത്തിയ ദാസ്താൻ (കഥപറച്ചിൽ) ശ്രദ്ധേയമായി. ആകർഷകമായ ഒരു 'മുശാഅറ' സെഷനിൽ പ്രമുഖരും ഉറുദു കവിതാസ്വാദകരും ഒത്തുചേരുകയും സാമൂഹിക നീതി, പ്രതീക്ഷ, സ്വത്വം, വിമോചനം എന്നീ പ്രമേയങ്ങളിൽ കവിതാശകലങ്ങൾ ചൊല്ലുകയും ചെയ്തു.
ഡോ. ഹൈദർ സൈഫിന്റെ ഹൃദ്യമായ സംഗീത പ്രകടനത്തോടെയാണ് രണ്ടുദിവസത്തെ പരിപാടി സമാപിച്ചത്.തൻ്റെ സന്നിധത്തിലൂടെയും ഗാനങ്ങളിലൂടെയും അദ്ദേഹം സദസ്സിനെ ആവേശകരമാക്കി. മലയാളി വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ടും വേദിയിൽ അരങ്ങേറി. സമാപന സമ്മേളനത്തിൽ പ്രോഗ്രാം ക്യൂറേറ്റർ സൈഫുൽ ഇസ്‌ലാം, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് അബ്ദുൽ ഹഫീസ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.