ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കും; സ​മ​ഗ്ര മാ​റ്റ​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂഡൽഹി: നിരക്ക് പരിഷ്കരണത്തിന് പിന്നാലെ ജി.എസ്.ടി നിയമത്തിൽ സമഗ്ര മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. നികുതി ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇല്ലാതാക്കി കോടതിയുടെ അനുമതി നിർബന്ധമാക്കുന്ന നിർദേശം ജി.എസ്.ടി കൗൺസിൽ ഈയാഴ്ച പരിഗണിച്ചേക്കും.

ഒക്ടോബർ ഏഴിന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ, ക്രിമിനൽ നടപടികളുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങളും പരിഗണിക്കുമെന്നാണ് വിവരം. കുറ്റകൃത്യങ്ങളിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള നികുതി വെട്ടിപ്പ് പരിധി നിലവിലെ ഒരു കോടിയിൽ നിന്ന് അഞ്ചുകോടി രൂപയായി ഉയർത്താനും നിർദേശമുണ്ട്.

നിലവിൽ കേന്ദ്ര ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 69 പ്രകാരം, നിശ്ചിത സാഹചര്യങ്ങളിൽ കുറ്റം നടന്നതായി വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ കമീഷണറുടെ അനുമതിയോടെ ജി.എസ്.ടി ഉദ്യോഗസ്ഥന് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയും. പുതിയ നിർദേശം അംഗീകരിച്ചാൽ ഈ അധികാരം ഒഴിവാക്കും. അറസ്റ്റ് ആവശ്യമായ കേസുകളിൽ കോടതിയുടെ അനുമതി ആവശ്യമായി വരും. എന്നാൽ, നികുതി പിരിച്ചെടുക്കാനുള്ള സർക്കാറിന്റെ അധികാരം ഇല്ലാതാകില്ല. ജി.എസ്.ടി നിയമത്തിലെ പ്രോസിക്യൂഷൻ വ്യവസ്ഥയിലുള്ള 24 കുറ്റങ്ങളിൽ ഒമ്പതെണ്ണം പൂർണമായി ഒഴിവാക്കുകയും 11 എണ്ണം നിലവിലെ രീതിയിൽ നിലനിർത്തുകയും ശേഷിക്കുന്നവയിൽ ശിക്ഷാ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്യുന്നതും പരിഗണനയിലുണ്ട്. കുറഞ്ഞ ശിക്ഷ നിർബന്ധമാക്കുന്ന വ്യവസ്ഥ ഒഴിവാക്കാനും നിർദേശമുണ്ട്.

ചെറുകിട നികുതിദായകരുടെ വൈകിയുള്ള റിട്ടേൺ സമർപ്പണത്തിനുള്ള പിഴ ഒഴിവാക്കുന്നതും പിഴകൾ കൂടുതൽ യുക്തിസഹമാക്കുന്നതും പരിഗണിക്കും.

Tags:    
News Summary - GST officers may lose arrest powers as Centre plans major enforcement reform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.