ഗ്യാനേഷിന്‍റെ രാജിക്കായി മൂന്നാം ദിനവും പ്രതിഷേധ പരമ്പര; സമരം രാജ്യവ്യാപകമാകുന്നു, അണിനിരന്ന് ആയിരങ്ങൾ

ന്യൂഡൽഹി: വോട്ടുകൊള്ളയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്തുടനീളം വ്യാപിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും ഡൽഹിയിൽ വൻ പ്രതിഷേധ പരമ്പരകൾ അരങ്ങേറി. മുംബൈയിൽ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയും സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.

പ്രതിഷേധത്തിൽ ഡൽഹിയിലെ പ്രധാന റോഡുകൾ മണിക്കൂറുകൾ സ്തംഭിപ്പിച്ചു. വിദ്യാർഥികളടക്കം നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റിയെങ്കിലും ചില്ല് തകർത്തും എമർജൻസി വാതിൽ തകർത്തും പുറത്തുചാടിയ പ്രതിഷേധക്കാർ വീണ്ടും സമരത്തിൽ സജീവമായി. പ്രതിഷേധത്തിനിടെ, സമരത്തിന് നേതൃത്വം നൽകുന്ന ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ നേഹയെ കയറ്റിയ കാറിന് മുകളിൽ കയറി ഏറെനേരം തടഞ്ഞു. വൻ പൊലീസ് സന്നാഹമെത്തിയാണ് കാർ സമര സ്ഥലത്തുനിന്നും മാറ്റിയത്. മണിക്കൂറുകൾക്കുശേഷം ഫോണോ ബാഗോ നൽകാതെ ഡൽഹി അതിർത്തിയായ നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിട്ടയച്ചു.

ജന്തർമന്തർ അടച്ചുപൂട്ടിയതോടെ ഇന്ത്യ ഗേറ്റിന് പരിസരത്തായിരുന്നു ഞായറാഴ്ച പ്രതിഷേധം. പൊലീസ് പ്രതീക്ഷിക്കാത്ത വഴിയിലൂടെ നൂറുകണക്കിന് ആം ആദ്മി പാർട്ടി (ആപ്) പ്രവർത്തകർ ഇന്ത്യ ഗേറ്റിലേക്ക് വന്നതോടെ പ്രദേശം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. ആപ് സംസ്ഥാന കൺവീനർ സൗരഭ് ഭരദ്വാജ് അടക്കം നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ആപ് പ്രവർത്തകരെ പൊലീസ് നീക്കുന്നതിനിടെ, വിദ്യാർഥി, യുവജന സംഘടനകളായ ഐസ, കെ.വൈ.എസ്, എ.വൈ.എസ്.എഫ് പ്രവർത്തകർ ഇന്ത്യഗേറ്റിൽ നിന്നും അരകിലോമിറ്റർ അകലെ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നേറിയ സമരക്കാരെ തടയാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു.

കസ്റ്റഡിയിൽ എടുത്തവരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ബാരിക്കേഡുകൾ റോഡിൽ മറിച്ചിട്ടും ചെടിച്ചട്ടികൾ റോഡിൽ വെച്ചും സമരക്കാർ തടഞ്ഞു. പൊലീസിന് നിയന്ത്രിക്കാനാവാതെ വന്നതോടെ കേന്ദ്ര അർധസേനാ വിഭാഗങ്ങളെ ഇറക്കി സമരക്കാരെ കസ്റ്റഡിയിലെടുത്തു. ഇവിടേക്ക് എൻ.എസ്.യു.ഐ പ്രവർത്തകരെത്തി ബസ് തടഞ്ഞതോടെ സമരം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് സമരക്കാരെ പൂർണമായും പൊലീസിന് നീക്കാനായത്. രാത്രിയോടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ചയും സമരവുമായി ഇറങ്ങുമെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.

Tags:    
News Summary - protests enter third day demanding Gyanesh Kumar's resignation; Agitation goes nationwide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.