പാകിസ്താനുമായി ചർച്ചക്ക് ധൈര്യമില്ല; സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ ധൈര്യമുണ്ട്: മണി ശങ്കർ അയ്യർ
ശ്രീനഗർ: പാകിസ്താനുമായി ചർച്ച നടത്താൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ. പാകിസ്താനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ സർക്കാരിന് ‘ധൈര്യമുണ്ട്’, എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താനുള്ള താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗറിൽ നടന്ന അഞ്ചാമത് ഹല്ലാ ബോലെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചകൾ അട്ടാരി–വാഗ അതിർത്തിയിൽ നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.“പാകിസ്താനുമായി സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ നമുക്ക് ധൈര്യമുണ്ട്. എന്നാൽ അവരുമായി ഒരുമിച്ചിരുന്ന് സംസാരിക്കാൻ എന്തുകൊണ്ട് ധൈര്യമില്ല? എന്തുകൊണ്ട് അവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയുന്നില്ല?” അയ്യർ ചോദിച്ചു.
ഇന്ത്യയും പാകിസ്താനും പരസ്പരം സംസാരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾക്ക് അതിർത്തി കടക്കേണ്ടിവരാത്ത തരത്തിൽ അട്ടാരി–വാഗ അതിർത്തിയിൽ മേശയിട്ട് ചർച്ച നടത്താമെന്നും പറഞ്ഞു. ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങൾ കണ്ടെത്തുകയും അവയിൽ നടപടി സ്വീകരിക്കുകയും വേണം. പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ തൽക്കാലം മാറ്റിവെച്ച് പിന്നീട് അനുകൂലമായ സാഹചര്യമുണ്ടാകുമ്പോൾ വീണ്ടും ചർച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാല തർക്കങ്ങളെക്കുറിച്ച് വാദിക്കുന്നത് വിദേശനയമല്ലെന്നും അയ്യർ പറഞ്ഞു. എത്ര സമയം എടുത്താലും പാകിസ്താനുമായി സംസാരിക്കുന്നതാണ് ക്രിയാത്മകമായ പരിഹാരത്തിലേക്ക് എത്താനുള്ള മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അയ്യർ പ്രതികരിച്ചു. രാജ്യത്തെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ചുനിൽക്കണമെന്നും ഇതിനായി ഇന്ത്യ മുന്നണിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ഏകീകരിച്ചിരുന്നെങ്കിൽ ഭൂരിപക്ഷത്തിന് ആവശ്യമായ എട്ട് സീറ്റുകൾ കൂടി നേടാനാകുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാമായിരുന്നുവെന്നും കശ്മീരിന് സംസ്ഥാന പദവി തിരിച്ചുകിട്ടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, 35എ എന്നിവയും വ്യത്യസ്ത രൂപത്തിൽ തിരിച്ചെത്തിയേക്കുമായിരുന്നുവെന്നും അയ്യർ കൂട്ടിച്ചേർത്തു. “അഭിപ്രായവ്യത്യാസമുള്ളവർ ഒരുമിച്ചുചേരണം. ഒരുമിച്ചാൽ പാകിസ്താനുമായി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാകും,” അദ്ദേഹം പറഞ്ഞു. ശ്രീനഗർ, ജമ്മു എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും ഇന്ത്യ–പാകിസ്താൻ ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നും അയ്യർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.