‘അവർ ഗജിനിമാരായി’; ഉദ്ധവ്, രാജ് താക്കറെമാരുടെ മുംബൈ മാർച്ചിനെതിരെ ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും നേതൃത്വം നൽകിയ മുംബൈ പ്രതിഷേധ മാർച്ചിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജനങ്ങൾ നിരസിച്ചതിന് തെരഞ്ഞെടുപ്പ് കമീഷനോടുള്ള നിരാശയാണ് ഈ പ്രതിഷേധമെന്ന് ഫഡ്നാവിസ് പറഞ്ഞു. ഇരുവരെയും ‘ഗജിനി’ സിനിമയിലെ ഓർമ നഷ്ടമായ കഥാപാത്രത്തോട് ഉപമിച്ചായിരുന്നു ഫഡ്നാവിസിന്റെ പരിഹാസം.

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026ലാണ് ആരംഭിച്ചതെന്നും ഗ്യാനേഷ് കുമാർ 2025ലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതെന്നും പറഞ്ഞ ഫഡ്നാവിസ്, 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചു. ‘അവർ ഗജിനിമാരെപ്പോലെയായി’ എന്നായിരുന്നു ഉദ്ധവ്, രാജ് താക്കറെയെ കുറിച്ചുള്ള ഫഡ്നാവിസിന്റെ പരാമർശം. 2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 2025ൽ ചുമതലയേറ്റ ഗ്യാനേഷ് കുമാറിനെയും 2026ൽ ആരംഭിച്ച എസ്.ഐ.ആർ നടപടിയെയും ഉത്തരവാദികളാക്കുന്നത് യുക്തിസഹമല്ലെന്നായിരുന്നു ഫഡ്നാവിന്റെ പ്രതികരണം.

ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ നിരാശയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രതിഷേധത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നും മാർച്ച് രാഷ്ട്രീയമായി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ഫഡ്നാവിസ് ആരോപിച്ചു. പ്രതിഷേധത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ കുറവ് ആളുകളാണ് പങ്കെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘നഷ്ടമായ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു മാർച്ച്. ഇത്രയധികം ആവേശം ഉണ്ടായിരുന്നിട്ടും, മാർച്ചിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറവായിരുന്നു’ -ഫഡ്നാവിസ് പറഞ്ഞു.

ഞായറാഴ്ചയാണ് ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും മുംബൈയിൽ സംയുക്ത പ്രതിഷേധ മാർച്ച് നടത്തിയത്. കോൺഗ്രസ്, ശരദ് പവാർ വിഭാഗം എൻ.സി.പി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രധാന പ്രതിഷേധം. മഹാരാഷ്ട്രയിലെ എസ്.ഐ.ആർ റദ്ദാക്കണമെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. രാജ്യത്താകെ 13 കോടി പേരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

Tags:    
News Summary - Fadnavis Calls Thackeray Cousins Ghajinis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.