‘ഭരണഘടനയുടെ ഹൃദയത്തെ മുറിവേൽപിക്കുന്നത്...’; വോട്ട് വെട്ടിമാറ്റൽ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
ഹൈദരാബാദ്: കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുന്നതിന് കാരണമാകുന്ന ഏതൊരു നടപടിയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. പൗരന്മാരുടെ വോട്ടവകാശം എടുത്തുകളയുന്നതിനെ എന്ത് വാദമുഖങ്ങൾ നിരത്തിയും ന്യായീകരിക്കാനാവില്ലെന്നും അർഥശൂന്യവും സ്വേച്ഛാപരവുമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ നടപടിയിലൂടെ നടന്ന വോട്ടുകൊള്ളക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സിറ്റിങ് ജഡ്ജിയുടെ വിമർശനം.
ഹൈദരാബാദിലെ നിയമസർവകലാശാലയിൽ (NALSAR) ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കുകയും സ്വന്തം രാജ്യത്ത് വോട്ടവകാശമില്ലാത്ത രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന ഏതൊരു നടപടിയും ഭരണഘടനയുടെ ഹൃദയത്തെത്തന്നെ മുറിവേൽപിക്കുന്നതാണ്. വോട്ടവകാശമുള്ളവരും വോട്ടവകാശമില്ലാത്തവരും എന്നിങ്ങനെ രണ്ടുതരം പൗരന്മാരെ ഭരണഘടന വിഭാവനം ചെയ്യുന്നില്ല. വോട്ടവകാശം നിഷേധിക്കുന്ന ഏതൊരു നടപടിയും ഭരണഘടനയുടെ 326, 14 അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഒരു അതോറിറ്റിക്കും ഇത് ചെയ്യാനാകില്ല, ഒരു കോടതിക്കും ഇതിനെ അംഗീകരിക്കാനാകില്ല. ആരും ഭരണഘടനക്കും അതീതരല്ലെന്നും ഉജ്ജൽ ഭൂയാൻ പറഞ്ഞു.
വോട്ടവകാശം കേവലം നിയമപരമായ അവകാശം മാത്രമല്ല, പൗരത്വത്തിന്റെയും ജനാധിപത്യ ക്രമത്തിന്റെയും അവിഭാജ്യ ഘടകമായ ഭരണഘടനാപരമായ അവകാശമാണ്. പൗരത്വവും വോട്ടവകാശവും പരസ്പരബന്ധിതമാണ്. ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. ഭരണനിർവഹണ വെല്ലുവിളികളും രാജ്യത്ത് നിലനിന്നിരുന്ന നിരക്ഷരതയും അവഗണിച്ച് ഭരണഘടനാ ശിൽപികൾ സാർവത്രിക വോട്ടവകാശം നടപ്പാക്കുകയായിരുന്നു. ജാതിയും സാമ്പത്തിക സ്ഥിതിയും കാരണം ആഴത്തിൽ വിഭജിക്കപ്പെട്ട സമൂഹത്തിൽ സമത്വം കൈവരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.
‘ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം’ എന്ന തത്ത്വം സമത്വത്തിന്റെ ഒരു വശവും ഭരണഘടനയുടെ സത്തയുമാണ്. ശതകോടീശ്വരനും റിക്ഷാ തൊഴിലാളിക്കും തുല്യ മൂല്യമുള്ള വോട്ടുകളാണുള്ളത്. മരണപ്പെട്ട വോട്ടറുടെ കേസിലല്ലാതെ, വോട്ടർപട്ടികയിൽ ഒരിക്കൽ പേര് ഉൾപ്പെടുത്തിയാൽ നോട്ടീസും വിചാരണക്കുള്ള അവസരവും നൽകാതെ നീക്കം ചെയ്യാൻ കഴിയില്ല. ഒരാളുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് അയാളുടെ ശരീരത്തിൽനിന്ന് ആത്മാവിനെ പുറത്തെടുക്കുന്നത് പോലെയായിരിക്കുമെന്നും ജസ്റ്റിസ് ഭുയാൻ അഭിപ്രായപ്പെട്ടു.
വോട്ടവകാശം ഒരു മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വോട്ടവകാശത്തെ കോടതി ഒരു ഭരണഘടനാ അവകാശമായി അംഗീകരിച്ചിട്ടുണ്ടെന്ന് ഭൂയാൻ പറഞ്ഞു. വർഷങ്ങളുടെ സമരത്തിന്റെയും പോരാട്ടത്തിന്‍റെയും ഫലമായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് വോട്ടവകാശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം വിദേശ ഭരണത്തിനെതിരായ ഇന്ത്യയുടെ നീണ്ടകാലത്തെ സമരവുമായി ഇഴചേർന്നു കിടക്കുന്നതാണ്. വലിയ സമരങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണിത്. അനുച്ഛേദം 326ൽ യാതൊരുവിധത്തിലുള്ള കൈകടത്തലുകളും നടത്താൻ പാടില്ല. രാഷ്ട്രീയ സമത്വത്തിന്റെ തത്വം എടുത്തുപറഞ്ഞ ജസ്റ്റിസ് ഭൂയാൻ, ഒരാളുടെ വോട്ടിന്റെ മൂല്യം അയാളുടെ പണത്തെയോ സാമൂഹിക പദവിയെയോ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.