നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് ആവശ്യപ്പെട്ടുവെന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ.
റുട്ടെയുടെ പരാമർശം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയും പുടിനും തമ്മിൽ ഇത്തരം ഒരു സംഭാഷണം ഉണ്ടായിട്ടില്ലെന്ന് ജയ്സ്വാൾ വ്യക്തമാക്കി.
നാറ്റോയെപ്പോലെ സുപ്രധാന സംഘടനയുടെ തലപ്പത്തുള്ളയാളുകൾ പൊതു പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്തവും പുലർത്തണമെന്നും ജയ്സ്വാൾ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി പുടിനെ ഫോണിൽ വിളിച്ച് യുക്രെയ്ൻ യുദ്ധത്തിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ നാറ്റോ സെക്രട്ടറി ജനറൽ, മോദിക്കെതിരായ ആരോപണങ്ങൾ അവിടം കൊണ്ട് നിർത്തിയില്ല. ‘ഞാൻ നിങ്ങളെ പിന്തുണക്കുന്നു, എന്നാൽ നിങ്ങളുടെ നീക്കങ്ങൾ എന്താണെന്ന് വിശദീകരിക്കണം. കാരണം യു.എസ് ഇപ്പോൾ ഞങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണ്.’’ - എന്ന് മോദി ഫോണിൽ പുടിനോടു പറഞ്ഞുവെന്നും യു.എൻ പൊതുസഭ സമ്മേളനത്തിനിടെ റുട്ടെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.