ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന രാജ്യമായി ഇന്ത്യ ഉയർന്നു -മന്ത്രി ജയശങ്കർ

ഹനോയ്: ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"ആഗോളസ്വാധീനം വളരെയധികമുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. കൂടുതൽ കഴിവുകളുള്ള ഒരു രാഷ്ട്രമാണ്. വളരെ ഉയർന്ന ആത്മവിശ്വാസമുള്ള, കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ലോകത്തെ ശരിയായ വിഷയങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് കഴിയുന്നു. ഇന്നത്തെ ലോകത്തിന്‍റെ ശരിയായ പ്രശ്നങ്ങൾ വികസനം, കാലാവസ്ഥ, ഭീകരവാദം, കടം എന്നിവയൊക്കെയാണ്. ബാക്കിയുള്ളവർ ഇതിലൊക്കെ നിലപാട് വ്യക്തമാക്കാൻ ഇന്ത്യയിലേക്ക് നോക്കുകയാണ്" -ജയശങ്കർ പറഞ്ഞു.

ഇന്ത്യയും വിയറ്റ്നാമും ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തിനും പ്രതിരോധവും സുരക്ഷയും വളരെ പ്രധാനമാണ്. ഇന്ത്യ ദീർഘകാലമായി വിയറ്റ്നാമിന്‍റെ വിശ്വസനീയരായ പങ്കാളികളാണ്. ഇരുപക്ഷത്തിനും എങ്ങനെ ബന്ധം വിശാലമാക്കുകയും സഹകരണം ത്വരിതപ്പെടുത്തുകയും ചെയ്യാമെന്നതിനാണ് തന്‍റെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് എസ്. ജയശങ്കർ വിയറ്റ്നാമിൽ എത്തിയത്.

Tags:    
News Summary - India now able to contribute more to world with higher confidence: Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.