ന്യൂഡൽഹി: വൈറസ് വ്യാപനത്തെ കുറിച്ചുള്ള ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ കണക്കു പ്രകാരം 50,545 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലേറെ പേർക്കാണ് കോവിഡ് പകർന്നത്.
1650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14,000ലേറെ പേർ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് -16,758 കേസുകൾ. 651 പേർ മരിക്കുകയും ചെയ്തു. പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈ നഗരത്തിലാണ്.
ഗുജറാത്താണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. 6200ലേറെ രോഗികൾ ഗുജറാത്തിലുണ്ട്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 5000ലേറെ രോഗികളാണുള്ളത്. തൊട്ടുപിന്നിൽ 4000ലേറെ രോഗികളുമായി തമിഴ്നാടുണ്ട്.
ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിയായിരുന്നു ആദ്യ കോവിഡ് രോഗി. വിദ്യാർഥി പിന്നീട് രോഗമുക്തി നേടി.
ഒരു മാസത്തിന് ശേഷം മാർച്ച് ആദ്യവാരത്തിലാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത്. തുടർന്ന്, മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇത് പിന്നീട് മേയ് മൂന്നിലേക്കും മേയ് 17ലേക്കും നീട്ടിയിരിക്കുകയാണ്. ഏതാനും സംസ്ഥാനങ്ങൾ മേയ് 17ന് ശേഷവും ലോക്ഡൗൺ തുടരേണ്ട സാഹചര്യത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.