രാജ്യത്ത് കോവിഡ് മരണം അരലക്ഷം പിന്നിട്ടു; 24 മണിക്കൂറിൽ 57,982 രോഗികൾ, 941 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതർ 26,47,664 ആയി. 941 പേർ കൂടി മരിച്ചതോടെ ആകെ മരണം 50,921 ആയും ഉയർന്നു.

19,19,843 പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിൽ തുടരുന്നത് 6,76,900 പേരാണ്. 

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. അതേസമയം, കഴിഞ്ഞ 13 ദിവസങ്ങളായി ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 

കോവിഡ് ബാധിച്ചുള്ള മരണത്തിന്‍റെ പട്ടികയിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമതാണ്. യു.എസ്, ബ്രസീൽ, മെക്സികോ എന്നിവയാണ് മുന്നിലുള്ളത്. 

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 72.5 ശതമാനമാണ്. മൂന്ന് കോടിയിലേറെ സ്രവ സാംപിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 7.31 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമാണ്. മുൻപത്തെ ദിവസം ഇത് 8.5 ശതമാനമായിരുന്നു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. മരണങ്ങളും കൂടുതൽ ഈ സംസ്ഥാനങ്ങളിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.