ചണ്ഡീഗഡ്: സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റാനാണ് ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികൾ കൈകോർക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇൻഡ്യ സഖ്യത്തിലെ 28 പാർട്ടികളും രാജവംശങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന സർക്കാർ സംഘടിപ്പിച്ച മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒമ്പത് വർഷം പൂർത്തിയാകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പ്രതിപക്ഷ സഖ്യം അഹങ്കാരികളുടേതാണ്. ചിലർക്ക് മകനെ പ്രധാനമന്ത്രിയാക്കണം. ചിലർക്ക് മകനെ അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷിക്കണം. ചിലർക്ക് മകനെ മുഖ്യമന്ത്രിയാക്കണം. ഇങ്ങനെയുള്ളവർ ജനങ്ങൾക്ക് എന്ത് നന്മ ചെയ്യാനാണ്"- അമിത് ഷാ ചോദിച്ചു.
കോൺഗ്രസ് അഴിമതിയുടെ പാർട്ടിയാണെന്നും പാർട്ടിയുടെ 'കൈകൾ' ഒരിക്കലും ഹരിയാനയിലെ ജനങ്ങൾക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ് ഹൂഡയെയും ഓം പ്രകാശ് ചൗട്ടാലയെയും അമിത് ഷാ വിമർശിച്ചു. ഹൂഡയുടെ ഭരണകാലത്ത് വ്യാപകമായ അഴിമതി ഉണ്ടായിരുന്നുവെന്നും ഓം പ്രകാശ് ചൗട്ടാലയുടെ ഭരണകാലത്ത് ക്രമസമാധാന നില ഏറ്റവും മോശമായിരുന്നുവെന്നും രണ്ടുപേരും അടുത്ത സഹായികൾക്ക് മാത്രമാണ് ജോലി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ജോലി ഉറപ്പ് നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പി സർക്കാർ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നു. പതിറ്റാണ്ടുകളായി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് കോൺഗ്രസ് തടസ്സപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കേന്ദ്രത്തിൽ ഒമ്പത് വർഷത്തെ ഭരണത്തിൽ അഴിമതി നടത്തിയത് ബി.ജെ.പിയാണെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഹൂഡ പറഞ്ഞു. സർക്കാർ കർഷകരോട് അതിക്രമങ്ങൾ നടത്തിയെന്നും പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ അടച്ചുപൂട്ടിയെന്നും കടബാധ്യത വർദ്ധിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.