കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിെന്റ പതാക ഉയർത്തൽ ചടങ്ങിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ
ഹൈദരാബാദ്: ഇൻഡ്യ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ഇതിനകം ചകിതരാക്കിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം. സഖ്യത്തിലേക്ക് കൂടുതൽ കക്ഷികൾ വന്നുചേരുന്നത് പ്രമേയം സ്വാഗതം ചെയ്തു. ഇതടക്കം 14 വിഷയങ്ങൾ അടങ്ങുന്ന പ്രമേയമാണ് ആദ്യ ദിവസത്തെ ചർച്ചക്കൊടുവിൽ പ്രവർത്തക സമിതി അംഗീകരിച്ചത്.
ഒന്ന്- ജമ്മു കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സേന, പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച സമിതി, രാജ്യം വിലപിക്കുന്ന സമയത്ത് ബി.ജെ.പിയും പ്രധാനമന്ത്രിയും ജി20യിൽ സ്വയം അഭിനന്ദിക്കാൻ നടത്തിയ ആഘോഷം മാപ്പർഹിക്കാത്ത നിന്ദയാണ്.
രണ്ട്- കോൺഗ്രസ് അധ്യക്ഷപദവിയിൽ ഒരു വർഷക്കാലത്തെ പ്രകടനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്നു
മൂന്ന്- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒരു വർഷം പൂർത്തിയാകുമ്പോൾ, അതിന്റെ ചൈതന്യവും വികാരവും മുറുകെ പിടിച്ച് യാത്രയുമായി മുന്നോട്ടുപോകും. യാത്രയുടെ വിജയത്തിലുള്ള പ്രതികാരമായിരുന്നു രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കൽ.
നാല്- കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടന സംവിധാനങ്ങൾ തകർന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.
അഞ്ച്- തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10 വർഷം ‘മൊറട്ടോറിയം’ പ്രഖ്യാപിച്ച ജാതിയതയും വർഗീയതയും പ്രാദേശികവാദവും ഒമ്പതു വർഷംകൊണ്ട്, അദ്ദേഹത്തിന്റെ തന്നെ വിവേചന നടപടികളാൽ രൂക്ഷമായി.
ആറ്- ചുരുങ്ങിയ താങ്ങുവില അടക്കമുള്ളവയിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാറിനെ ഓർമിപ്പിക്കുന്നു.
ഏഴ്- തൊഴിലില്ലായ്മ വർധിക്കുന്നതിലും വിലക്കയറ്റം രൂക്ഷമാകുന്നതിലും ആശങ്ക.
എട്ട്- പുതിയ ഭരണഘടനക്കും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റത്തിനുമുള്ള ആഹ്വാനങ്ങൾ തള്ളുന്നു.
ഒമ്പത്- പാർലമെന്റ് ചർച്ചകളും പരിശോധനകളും അപ്രത്യക്ഷമാകുന്നു. മതിയായ ചർച്ചയും പരിശോധനയുമില്ലാതെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമനിർമാണം തിരക്കിട്ട് നടത്തുകയാണ്. പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ വനിത ബിൽ പാസാക്കണം.
10- പ്രധാനമന്ത്രിയുടെ ചങ്ങാത്തത്തിന്റെയും പക്ഷപാതപരമായ നയങ്ങളുടെയും ഗുണഭോക്താവായ അദാനി വ്യവസായ ഗ്രൂപ്പിന്റെ ഇടപാടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെടുന്നു.
11- ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിരായ ആക്രമണം. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ പദ്ധതികൾ മോദി സർക്കാർ തടസ്സപ്പെടുത്തുന്നു.
12- ഇന്ത്യൻ ഭൂപ്രദേശത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റവും തുടരുന്ന പ്രകോപനവും അപലപിക്കുന്നു.
13- ജാതിയോ മതമോ സമ്പന്നനെന്നോ ദരിദ്രനെന്നോ ചെറുപ്പമെന്നോ വാർധക്യമെന്നോ വിവേചനമില്ലാതെ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്ന ഒരു രാജ്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ ചെയ്യുന്നു.
14- രാജ്യത്തെ വിഭജന ധ്രുവീകരണ രാഷ്ട്രീയത്തിൽനിന്ന് മോചിപ്പിക്കാൻ ഇൻഡ്യ സഖ്യത്തെ ആദർശത്തിലും തെരഞ്ഞെടുപ്പിലും വിജയിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.