‘ഗോഡി മീഡിയ’ക്കുള്ള സർക്കാർ പരസ്യങ്ങളും നിർത്തിവെക്കാൻ ഇൻഡ്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: വാർത്ത അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തിനു പിന്നാലെ ‘ഗോഡി മീഡിയ’ വിശേഷണമുള്ള മാധ്യമ സ്ഥാപനങ്ങൾക്കുള്ള സർക്കാർ പരസ്യങ്ങളും നിർത്തുന്നു. ഇൻഡ്യ സഖ്യത്തിലെ 11 മുഖ്യമന്ത്രിമാർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതായാണ് സൂചന.

ഈ ചാനലുകൾക്ക് സർക്കാർ പരസ്യങ്ങൾ നൽകുന്നത് നിർത്തിവെക്കാനാണ് നീക്കം നടക്കുന്നത്. സാമ്പത്തിക തിരിച്ചടി നൽകുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വിദ്വേഷ പ്രചാരണം നടത്തുന്ന, പക്ഷപാതപരമായി പെരുമാറുന്ന ദേശീയ ചാനൽ അവതാരകരെയാണ് ഇൻഡ്യ സഖ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇൻഡ്യ സഖ്യത്തിലെ നേതാക്കളാരും ഈ അവതാരകരുടെ പരിപാടികളിൽ പങ്കെടുക്കില്ല.

ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, കർണാടക, ബിഹാർ, തമിഴ്നാട്, കേരള, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇൻഡ്യ സഖ്യത്തിലുള്ളത്. ചാനലുകളിൽ പക്ഷപാതപരമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ കഴിഞ്ഞദിവസം ചേർന്ന ഇൻഡ്യ സഖ്യത്തിന്‍റെ ഏകോപന സമിതി തീരുമാനിച്ചിരുന്നു.

സഖ്യത്തിന്‍റെ മാധ്യമ ഉപസമിതിയാണ് ബഹിഷ്കരിക്കേണ്ട അവതാരകുടെ പട്ടിക ത‍യാറാക്കിയത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.

Tags:    
News Summary - INDIA Alliance CMs Of 11 States Planning To Stop State-Run Ads On 'Propaganda Channels'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.