കോൺഗ്രസിന്‍റെ 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്; ട്രിബ്യൂണലിനെ സമീപിച്ച് പാർട്ടി

ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ് (ഐ.ടി). ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഐ.ടി വകുപ്പ് നടപടി. ചൊവ്വാഴ്ചയാണ് പാര്‍ട്ടിയുടെ 115 കോടി രൂപ നികുതി കുടിശ്ശികയുള്ളതില്‍ 65 കോടി രൂപ പിടിച്ചെടുത്തത്.

ഐ.ടി നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വം ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി) സമീപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകൾ നേരത്തെ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. പിന്നാലെ പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ടി.എ.ടി അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചത്.

ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹരജി തീർപ്പാക്കുന്നതിനു മുമ്പാണ് ഐ.ടി വകുപ്പിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു. സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ഐ.ടി.എ.ടി നിര്‍ദേശിച്ചു. 2018-19 കാലത്തെ ടാക്‌സ് റിട്ടേണ്‍ കേസുമായി ബന്ധപ്പെട്ട് 210 കോടി തിരിച്ചടക്കാനാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചെക്കുകൾ മടങ്ങിയതോടെയാണ് കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും അക്കൗണ്ടുകൾ മരവിപ്പിച്ച കാര്യം എ.ഐ.സി.സി അറിയുന്നത്. അക്കൗണ്ടിലുള്ള 65 കോടി രൂപ പിടിച്ചെടുത്തത് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. 2019 ഡിസംബർ 31നകം നൽകേണ്ട റിട്ടേൺ 40-45 ദിവസത്തോളം വൈകിയതിനാണ് ഐ.ടി വകുപ്പിന്‍റെ നടപടി.

2019 തെരഞ്ഞെടുപ്പ് സമയത്ത്‌ കോൺഗ്രസിനു ലഭിച്ച 199 കോടിയിൽ എം.പി.മാരും എം.എൽ.എ.മാരും ഒരു മാസത്തെ ശമ്പളമായ 4.40 ലക്ഷം രൂപ പണമായി നൽകിയിരുന്നു. ഇതിന്റെ പേരിലാണിപ്പോൾ 210 കോടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Tags:    
News Summary - Income Tax Dept 'Recovers' ₹65 Crore From Congress Bank Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.