ജയ്പൂർ: രാജസ്ഥാനിലെ കഴിഞ്ഞ വസുന്ധര രാജെ സർക്കാറിന്റെ കാലത്തെ അഴിമതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റിന്റെ എകദിന ഉപവാസം നാളെ നടക്കും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സചിൻ പൈലറ്റിന്റെ നടപടി കോൺഗ്രസ് ക്യാമ്പിൽ ആശങ്കയുണർത്തിയിട്ടുണ്ട്.
വസുന്ധര രാജെ സർക്കാറിന്റെ കാലതെത അഴിമതിയിൽ നടപടി സ്വീകരിക്കാൻ അശോക് ഗെഹ്ലോട്ട് സർക്കാറിനെ നിർബന്ധിക്കുമെന്ന് സചിൻ പറഞ്ഞു. ഇക്കാര്യത്തിൽ തന്നെ പിന്തുണക്കണമെന്നും ആരും തന്നോടൊപ്പം ഉപവാസത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും സചിൻ എം.എൽ.എമാരോട് ആവശ്യപ്പെട്ടു.
ഉപവാസം സചിനെ സംബന്ധിച്ച് രണ്ട് എതിരാളികൾക്ക് ഒരേസമയം നൽകുന്ന അടിയാണ്. ബി.ജെ.പിയുടെ വസുന്ധരക്കെതിരെ നടത്തുന്ന ഉപവാസം ഫലത്തിൽ അശോക് ഗെഹ്ലോട്ടിനെതിരെക്കൂടിയാണ്.
വിഷയത്തിൽ വളരെ സൂക്ഷ്മതയോടെയാണ് കോൺഗ്രസ് പ്രതികരിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പാക്കുകയും പുതിയ പദ്ധതികൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്ത് ഭരണത്തിൽ സംസ്ഥാനത്തിന് നേതൃസ്ഥാനം നൽകി, കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ‘സംസ്ഥാനത്തെ പാർട്ടിയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും കൊണ്ട് മികച്ച വിജയമായിരുന്നു രാജസ്ഥാനിലെ ഭാരത് ജോഡോ യാത്ര. ഈ വർഷാവസാനം, നേട്ടങ്ങളുടെ കരുത്തിൽ കോൺഗ്രസ് ജനങ്ങളിൽ നിന്ന് പുതിയ ജനവിധി തേടും. -അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ രാജസ്ഥാൻ തെരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെ സചിൻ പൈലറ്റിനെതിരെ പാർട്ടി കടുത്ത തീരുമാനങ്ങൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.