'60 ദിവസത്തെ കണക്ക് നോക്കാം, ജനത്തെ വിഡ്ഢികളാക്കരുത്'; ഇന്ധനവിലയിലെ കണക്കുകൾ നിരത്തി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ധനവില വൻതോതിൽ വർധിപ്പിച്ച ശേഷം കുറവുവരുത്തിയതായി പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്. 60 ദിവസം കൊണ്ട് കേന്ദ്രം വർധിപ്പിച്ച തുകയും ഇപ്പോൾ കുറച്ച തുകയും താരതമ്യം ചെയ്ത് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചു.

ജനങ്ങളെ കബളിപ്പിക്കുന്ന കണക്കുകളുടെ ജാലവിദ്യയല്ല രാജ്യത്തിന് ആവശ്യം. പൊള്ളയായ വാഗ്ദാനങ്ങളുമല്ല. രാജ്യത്തിന് വേണ്ടത് എക്സൈസ് നികുതി 2014 മേയിലെ നിലയായ പെട്രോളിന് 9.48 രൂപ, ഡീസലിന് 3.56 രൂപ എന്ന നിലയിലെത്തുകയെന്നതാണ്. ജനങ്ങളെ വഞ്ചിക്കുന്നത് നിർത്താനാവശ്യപ്പെട്ട സുർജേവാല അവർക്ക് ആശ്വാസം പകരാനുള്ള ധൈര്യം കാണിക്കൂവെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ഡൽഹിയിലെ ഇന്ധനവില താരതമ്യം ചെയ്ത് രൺദീപ് സിങ് സുർജേവാലയുടെ ട്വീറ്റ്

'പ്രിയപ്പെട്ട ധനമന്ത്രീ,
പെട്രോളിന്‍റെ ഇന്നത്തെ വില -105.41 രൂപ ലിറ്ററിന്
വില ഇന്ന് കുറച്ചത് -9.50
60 ദിവസം മുമ്പ്, അതായത് മാർച്ച് 21ലെ പെട്രോൾ വില -95.41 രൂപ ലിറ്ററിന്
60 ദിവസം കൊണ്ട് വർധിപ്പിച്ചത് ലിറ്ററിന് 10 രൂപ
ഇപ്പോൾ കുറച്ചത് ലിറ്ററിന് 9.50 രൂപ
ജനങ്ങളെ വിഡ്ഢിയാക്കരുത്


ഇന്നത്തെ ഡീസൽ വില -96.67 രൂപ ലിറ്ററിന്
ഇന്ന് കുറച്ചത് ലിറ്ററിന് ഏഴ് രൂപ
60 ദിവസം മുമ്പ്, മാർച്ച് 21ന് ഡീസൽ വില -86.67 രൂപ ലിറ്ററിന്
60 ദിവസം കൊണ്ട് വർധിപ്പിച്ചത് ലിറ്ററിന് 10 രൂപ
ഇപ്പോൾ കുറച്ചത് ലിറ്ററിന് ഏഴ് രൂപ
ജനങ്ങളെ വിഡ്ഢികളാക്കുന്നത് നിർത്തൂ

2014 മേയിൽ പെട്രോളിന്‍റെ എക്സൈസ് നികുതി -ലിറ്ററിന് 9.48 രൂപ
2022 മേയ് 21ന് പെട്രോളിന്‍റെ എക്സൈസ് നികുതി -ലിറ്ററിന് 27.9 രൂപ
ഇന്ന് കുറച്ചത് -ലിറ്ററിന് എട്ട് രൂപ
എക്സൈസ് നികുതി ലിറ്ററിന് 18.42 രൂപ വർധിപ്പിച്ചാണ് ഇന്ന് എട്ട് രൂപ കുറച്ചത്
ഇപ്പോഴും നിങ്ങളുടെ നികുതിയായ 19.90 രൂപയും കോൺഗ്രസിന്‍റെ കാലത്തെ 9.48 രൂപയും തമ്മിലാണ് താരതമ്യം

2014 മേയിൽ ഡീസലിന്‍റെ എക്സൈസ് ഡ്യൂട്ടി -ലിറ്ററിന് 3.56 രൂപ
2022 മേയ് 21ന് ഡീസലിന്‍റെ എക്സൈസ് ഡ്യൂട്ടി -21.80
ഇന്ന് കുറച്ചത് -ലിറ്ററിന് ആറ് രൂപ
നിങ്ങൾ ഡീസലിന്‍റെ എക്സൈസ് നികുതി ലിറ്ററിന് 18.24 രൂപ കൂട്ടിയ ശേഷമാണ് ഇന്ന് ലിറ്ററിന് ആറ് രൂപ കുറച്ചത്
ഇപ്പോഴും നിങ്ങളുടെ നികുതി 15.80 രൂപയും കോൺഗ്രസിന്‍റെ കാലത്ത് 3.56 രൂപയുമാണ്. 
Tags:    
News Summary - In 60 Days As Centre Cuts Fuel Prices, Congress Does The Math

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.