നരേന്ദ്ര മോദി

ഇസ്രായേൽ-ഹമാസ് യുദ്ധം പശ്ചിമേഷ്യയിലെ സംഘർഷമായി പരിണമിക്കരുതെന്ന് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലുള്ള അസ്ഥിരതയിലും സുരക്ഷിതത്വമില്ലായ്മയിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ വെർച്വൽ യോഗത്തിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം. ഇസ്രായേൽ-ഹമാസ് യുദ്ധം മേഖലയുടെ സംഘർഷമായി പരിണമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ വിട്ടയക്കാനുള്ള ഹമാസ് തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. സിവിലിയൻമാരുടെ കൊലപാതകങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി പശ്ചിമേഷ്യയിൽ പുതിയ ചില വെല്ലുവിളികൾ ഉയർന്ന് വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. യുറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ബ്രസീലിയൻ പ്രസിഡന്റ് ലുയിസ് ഡി സിൽവ, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജിയേവ തുടങ്ങി രാഷ്ട്രനേതാക്കളും യോഗത്തിൽ പ​ങ്കെടുത്തിരുന്നു.

നമ്മളിവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് എല്ലാ​വരേയും ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അതിന് പരിഹാരം കാണാനുമാണ്. തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. സിവിലിയൻമാരുടെ മരണവും അപലപിക്കേണ്ടതാണ്. ബന്ദികളെ വിട്ടയക്കുമെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു. എല്ലാ ബന്ദികളും ഉടൻ മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.

ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ ഔദ്യോഗികമായി അറിയിച്ചിരുന്നു. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകര​ണത്തോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ പൂർണ വിജയമാണെന്ന് ഖത്തർ അറിയിച്ചു. ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. വിട്ടയക്കുന്ന തടവുകാരുടെ എണ്ണം വർധിപ്പിക്കാൻ ഇടയുണ്ടെന്ന് ഖത്തർ അറിയിച്ചു.

Tags:    
News Summary - Important to ensure Israel-Hamas war does not take shape of regional conflict: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.