മോഹൻ ഭാഗവതിന്‍റെ പള്ളി സന്ദർശനം; ഭാരത് ജോഡോ യാത്രയുടെ സ്വാധീനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അഖിലേന്ത്യാ ഇമാം ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ഉമർ അഹമ്മദ് ഇല്യാസിയുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്ച ഭാരത് ജോഡോ യാത്രയുടെ സ്വാധീനമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ്. വ്യാഴാഴ്ച ഡൽഹിയിലെ ഒരു പള്ളിയും മദ്രസയും സന്ദർശിച്ച മോഹൻ ഭാഗവതിന്‍റെ നീക്കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ പങ്കുചേരാനും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് മേധാവി ഒരു പള്ളി സന്ദർശിക്കുന്നത് ആദ്യമാണെന്നും ഇത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

"ഭാരത് ജോഡോ യാത്ര ആരംഭിച്ച് 15 ദിവസമേ ആയിട്ടുള്ളൂ. ഫലം പുറത്തുവന്നു തുടങ്ങി. ബി.ജെ.പി നേതാക്കൾ ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസ്താവനകൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് മോഹൻ ഭാഗവത് ഇമാമിനെ സന്ദർശിക്കുന്നത്. അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കി കാണാം"- ഗൗരവ് വല്ലഭ് പറഞ്ഞു. 15 ദിവസത്തെ യാത്ര നിങ്ങളെ ഇത്രയും സ്വാധീനിച്ചെങ്കിൽ തീർച്ചയായും രാഹുൽ ഗാന്ധിക്കൊപ്പെം ത്രിവർണ പതാകയേന്തി ഒരു മണിക്കൂറെങ്കിലും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന് ഭാഗവതിനോട് അദ്ദേഹം അഭ്യർഥിച്ചു.

ഇന്നലെ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഒരു പള്ളി സന്ദർശിച്ച ശേഷം ഭാഗവത് പഴയ ഡൽഹിയിലെ തജ്വീദുൽ ഖുറാൻ മദ്രസ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം മദ്രസ അധ്യാപകരോടും കുട്ടികളോടും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് മദ്രസ ഡയറക്ടർ മഹ്മൂദുൽ ഹസൻ പറഞ്ഞു.

Tags:    
News Summary - Impact Of Bharat Jodo Yatra": Congress On RSS Chief Meeting Muslim Cleric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.