അഹമ്മദാബാദ്: ‘ഇസ്ലാമിക ദൈവശാസ്ത്രം’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ പ്രതിഷേധം നേരിട്ട് ഐ.ഐ.ടി ഗാന്ധിനഗർ. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ (എച്ച്.എസ്.എസ്) തെരഞ്ഞെടുത്ത വിദ്യാർഥികളുടെ തീസിസ് വിഷയങ്ങൾ ഉദ്ധരിച്ച് ചില ഉപയോക്താക്കൾ കാമ്പസിൽ ‘ഇസ്‍ലാമികവൽക്കരണം’ ആരോപിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ആർ.എസ്.എസുമായി ബന്ധപ്പെട്ട അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ‘വിദ്യാർത്ഥികളുടെ സാംസ്കാരികവും ദേശീയവുമായ വികാരങ്ങളോടുള്ള, പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിൽ നിന്നുള്ളവരുടെ അവഗണനയെക്കുറിച്ച്’ ആശങ്ക പ്രകടിപ്പിച്ച് ഒരു മാധ്യമക്കുറിപ്പ് പുറത്തിറക്കി.
എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ പ്രബന്ധത്തിന്റെ ഭാഗമായി അവർ പങ്കുവെച്ച വിഷയങ്ങൾ, മനഃപൂർവം കോളിളക്കമുണ്ടാക്കുന്നതിനായി ‘തെരഞ്ഞെടുത്ത്’ ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏപ്രിൽ 28ന് ‘എമിനന്റ് ഇന്റലക്ച്വൽ’ എന്ന എക്സ് ഉപയോക്താവ് ചില ഗവേഷണ വിഷയങ്ങൾ പട്ടികപ്പെടുത്തി ഇങ്ങനെ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്: ‘ഇത് നിങ്ങളെ അഭിമാനിപ്പിക്കും. ഇന്ത്യക്ക് ഒടുവിൽ സ്വന്തമായി ഒരു എ.ഐ ഉണ്ടായി! കേരളത്തിന്റെ ശക്തിയിലൂടെ ചാറ്റ് ജി.പി.ടിയെയും ഡീപ്സീക്കിനെയും മറികടക്കുന്ന അതുല്യമായ വാസ്തുവിദ്യയുമായി ഐ.ഐ.ടി ഗാന്ധിനഗറിലും അത് എത്തിയിരിക്കുന്നു. ഇതിനെ ‘ഡീപ്ഫെയ്ത്ത്’ എന്ന് വിളിക്കുന്നു. നികുതിദായകരുടെ ധനസഹായത്തോടെയുള്ള ‘സ്വയംഭരണം’ ഉപയോഗിച്ച് ഈ രാജ്യത്തെ നമുക്കെല്ലാവർക്കും മികച്ച സ്ഥലമാക്കി മാറ്റിയതിന് @iitgnന് നന്ദി. *AI = ആയത്തുള്ളയുടെ ബുദ്ധി’ എന്നായിരുന്നു ഉപയോക്താവ് കുറിച്ചത്.
മത്സ്യബന്ധനം, പരിസ്ഥിതി, ഇസ്‍ലാമിക ആചാരങ്ങൾ, ഇസ്‍ലാമിക വസ്ത്രം എന്നിവയെക്കുറിച്ചുള്ള മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ ജനങ്ങളുടെ തദ്ദേശീയ അറിവുകളാണ് ഈ വിഷയങ്ങളിൽ ഉൾപ്പെടുന്നത്.
‘മതപരമായ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികൾ നരവംശശാസ്ത്രപരവും സാമൂഹികവുമായ പഠനങ്ങൾ നടത്തുന്നു. ഏകദേശം 20 വിദ്യാർത്ഥികൾ ബ്രാഹ്മണ വ്യവസ്ഥ, വേദങ്ങൾ, ക്ഷേത്ര മാനേജ്മെന്റ് തുടങ്ങിയ ഹിന്ദു പാരമ്പര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ഞങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നത്’- ഒരു വിദ്യാർത്ഥി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിനെതിരായ പ്രചാരണത്തിന് അക്കാദമിക് മെറിറ്റ് ഇല്ലെന്ന് സ്റ്റുഡന്റ് ഡെവലപ്‌മെന്റ് അസോസിയേറ്റ് ഡീൻ മനീഷ് കുമാർ പറഞ്ഞു. ‘ഏത് ഗവേഷണ വിഷയത്തെക്കുറിച്ചോ കണ്ടെത്തലുകളെക്കുറിച്ചോ ആർക്കും ഒരു പ്രശ്നം ഉന്നയിക്കാം. എന്നിരുന്നാലും, അക്കാദമികമായി ഇടപഴകുന്നതിനുള്ള വ്യവസ്ഥാപിത മാർഗങ്ങൾ പിന്തുടരാമായിരുന്നു. ഉചിതമായ മാർഗങ്ങളിലൂടെ ഫീഡ്‌ബാക്കും ക്രിയാത്മക വിമർശനവും ഞങ്ങൾ സ്വാഗതം ചെയ്യു’മെന്ന് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.