നിതീഷിനെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ; 'രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനോട് രാജി ആവശ്യപ്പെടൂ'

ന്യൂഡൽഹി: ജെ.ഡി.യു ഇപ്പോഴും ബി.ജെ.പി.യുമായി ബന്ധത്തിലാണെന്ന ആരോപണം തള്ളിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോർ. ബി.ജെ.പിയുമായി പാർട്ടിക്ക് ബന്ധമില്ലെങ്കിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം രാജിവെക്കാൻ ജെ.ഡി.യു എം.പി ഹരിവംശിനോട് ആവശ്യപ്പെടണമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.

ഇപ്പോൾ മഹാഘഡ്ബന്ധനൊപ്പം നിൽക്കുന്ന ബിഹാർ മുഖ്യമന്ത്രി പാർട്ടി എം.പി ഹരിവംശ് വഴി ബി.ജെ.പിയുമായി ബന്ധം തുടരുന്നുണ്ടെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.

'ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം, നിതീഷ് കുമാർ ഹരിവംശിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടേണ്ടതായിരുന്നു. അദ്ദേഹം സ്ഥാനം ഒഴിയാൻ മടിക്കുകയാണെങ്കിൽ ജെ.ഡി.യുവിൽ നിന്ന് പുറത്താക്കാമായിരുന്നു. പക്ഷേ, ഭാവിയിലേക്കുള്ള അവസരം തുറന്നിടാനാണ് നിതീഷ് ശ്രമിച്ചത്' പ്രശാന്ത് കിഷോർ ആരോപിച്ചു.

എന്നാൽ പ്രശാന്ത് കിഷോർ പബ്ലിസിറ്റിക്ക് വേണ്ടി ഉയർത്തുന്ന ആരോപണങ്ങളാണെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. അദ്ദേഹം ഏത് പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും നിതീഷ് പറഞ്ഞിരുന്നു.

നിതീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് പ്രശാന്ത് ട്വീറ്റുമായി എത്തിയത്. 'നിതീഷ് കുമാർ ജി, നിങ്ങൾക്ക് ബി.ജെ.പിയുമായോ എൻ.ഡി.എയുമായോ യാതൊരു ബന്ധവുമില്ലെങ്കിൽ നിങ്ങളുടെ എം.പിയോട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുക. രണ്ട് തോണിയിൽ കാലിടാനാകില്ല'- പ്രശാന്ത് പറഞ്ഞു.

പ്രശാന്ത് കിഷോർ കുറച്ചുകാലം ജെ.ഡി.യു ദേശീയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പൗരത്വ (ഭേദഗതി) നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിരുദ്ധ വീക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.  

Tags:    
News Summary - 'If you have nothing to do with BJP then…': Prashant Kishor dares Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.