ബംഗളൂരു: തെൻറ മതത്തെയും ധർമത്തെയും രക്ഷിക്കാൻ വേണ്ടിയാണ് മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പരശുറാം വാഗ്മോറിെൻറ കുറ്റസമ്മത മൊഴി. ഉത്തര കർണാടകയിലെ വിജയപുര സിന്ദഗി സ്വദേശിയും ശ്രീരാംസേന പ്രവർത്തകനുമായ പരശുറാം വാഗ്മോറാണ് (26) ഗൗരിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പരശുറാമിന് പുറമെ മറ്റു അഞ്ചുപേരും കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പരശുറാമിനെ സഹായിച്ച മറ്റു മൂന്നുപേരെ ഇനിയും പിടികൂടാനുണ്ടെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) വ്യക്തമാക്കി. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി ബംഗളൂരുവിലെ ആർ.ആർ. നഗറിലെ ഗൗരി ലങ്കേഷിെൻറ വീടിന് മുമ്പിൽ അവർക്കുനേരെ നാലുതവണ നിറയൊഴിക്കുമ്പോഴും അവരെക്കുറിച്ച് അറിയുമായിരുന്നില്ലെന്നാണ് പരശുറാം മൊഴി നൽകിയത്. ‘2017 മേയിലാണ് എെൻറ മതത്തെ(ധർമത്തെ) രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. ഞാൻ സമ്മതിച്ചു. എന്നാൽ, ആരെയാണ് കൊലപ്പെടുത്തുന്നതെന്ന് അറിഞ്ഞിരുന്നില്ല. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’-എന്നാണ് പരശുറാമിെൻറ കുറ്റസമ്മത മൊഴി.
കൊലക്കുവേണ്ടി സെപ്റ്റംബർ മൂന്നിനാണ് ബംഗളൂരുവിലെത്തിയെന്നും അന്നുതന്നെ കൃത്യം നിർവഹിക്കാൻ നീക്കം നടത്തിയെങ്കിലും സാധിച്ചില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. തന്നെ ബംഗളൂരുവിലെത്തിച്ചതും തുടർന്ന് ഗൗരി ലങ്കേഷിെൻറ വീട്ടിലെത്തിച്ചതും മൂന്നുപേർ ചേർന്നാണെന്നും അവർ ആരാണെന്ന് അറിയില്ലെന്നും പരശുറാം പറയുന്നുണ്ട്. െകാല നടത്തിയ അന്നുരാത്രി തന്നെ ബസിൽ ഉത്തരകർണാടകയിലേക്ക് പോവുകയായിരുന്നു. ഒാരോ ദിവസവും ഒാരോരുത്തരായിരുന്നു പരശുറാമിനെ ബൈക്കിൽ ഗൗരിലങ്കേഷിെൻറ വീടിന് സമീപം എത്തിച്ചത്.
പരശുറാമിന് കൊലപാതകം നടത്താൻ സഹായിച്ച ഈ മൂന്നു പ്രധാന പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഒരു വർഷം നീണ്ട ആസൂത്രണത്തിനുശേഷമാണ് ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്നും മുഖ്യ ആസൂത്രകെൻറ നേതൃത്വത്തിലുള്ള നാലു ടീമുകൾ ചേർന്നാണ് കൃത്യം നടത്താനുള്ള വിവരങ്ങൾ ശേഖരിക്കുന്നതെന്നും എസ്.ഐ.ടി വ്യക്തമാക്കി.
കൊലപാതക ശേഷം പരശുറാം കൂടെയുണ്ടായിരുന്ന ആൾക്ക് കൈമാറിയ തോക്ക് കണ്ടെടുക്കാനായിട്ടില്ല. എന്നാൽ, നേരത്തേ പിടിയിലായ സുജിത്ത് കുമാറിൽനിന്ന് പിടിച്ചെടുത്ത 22 ഫോണുകളും അമോൽ കാലെയിൽനിന്നും പിടിച്ചെടുത്ത 21 േഫാണുകളും ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗൗരി ലങ്കേഷിനെയും എം.എം കൽബുർഗിയെയും വധിച്ചത് ഒരേ തോക്കുകൊണ്ടാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൽബുർഗി വധക്കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് വിജയപുര ശ്രീരാം സേന പ്രസിഡൻറ് രാകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ 10 വർഷമായി പരശുറാമിനെ അറിയാമെന്ന് രാകേഷ് മൊഴിനൽകിയതായാണ് വിവരം.
അതേസമയം, ഒാപറേഷൻ അമ്മ എന്ന കോഡ് ഭാഷയിലാണ് ഗൗരി ലങ്കേഷ് വധം ആസൂത്രണം ചെയ്തതെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്. എസ്.ഐ.ടി കണ്ടെത്തിയ ഡയറിയിലാണ് ഇത് വ്യക്തമാക്കുന്നത്. കൊലപാതകം നടത്തുന്ന വിവരം ചോരാതിരിക്കാൻ പങ്കാളികളായവരെല്ലാം ഒാപറേഷൻ അമ്മ എന്ന േകാഡാണ് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.