ഹൈദരാബാദ്: കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തന്‍റെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ. എന്നാൽ, ഇവരുടെ ഭർത്താവ് അസുഖം ബാധിച്ച് മരിച്ചെന്നും വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം സംസ്കരിച്ചതായും ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
ഹൈദരാബാദ് നഗരത്തിലെ വനസ്തലിപുരം മേഖലയിൽ താമസിക്കുന്ന മാധവി എന്ന 42കാരിയാണ് കോവിഡ് ചികിത്സയിലായിരുന്ന തന്‍റെ ഭർത്താവ് മധുസൂദനനെ (42) കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. മാധവിയും ഇവരുടെ രണ്ട് പെൺകുട്ടികളും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയതിനെ തുടർന്ന് മാധവിയെയും മക്കളെയും മേയ് 16ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ, ചികിത്സിയിലായിരുന്ന ഭർത്താവിനെ കുറിച്ച് ഇവർക്ക് വിവരമുണ്ടായിരുന്നില്ല.
മേയ് 16ന് മക്കളും താനും ആശുപത്രി വിട്ടപ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ലെന്നും അതിന് ശേഷം ഭർത്താവിനെ കുറിച്ച് വിവരമില്ലെന്നും കാട്ടി ഇവർ ട്വീറ്റ് ചെയ്തു. ഇവരുടെ ഭർത്താവ് മധുസൂദനനെ കോവിഡ് ബാധിച്ച് ഏപ്രിൽ 27ന് കിങ് കോത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 30ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ, മേയ് ഒന്നിന് മധുസൂദനൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുടുംബാംഗങ്ങളെ വിവരമറിയിച്ച ശേഷം മൃതദേഹം പൊലീസിന് കൈമാറിയെന്നും ഹൈദരാബാദ് നഗരസഭ അധികൃതർ സംസ്കാരം നടത്തിയെന്നും ആശുപത്രി സൂപ്രണ്ട് എം. രാജറാവു പ്രസ്താവനയിൽ പറഞ്ഞു. നടപടിക്രമങ്ങൾ ആശുപത്രി കൃത്യമായി പാലിച്ചതായി അധികൃതർ അവകാശപ്പെട്ടു.
മേയ് 16ന് താനും മക്കളും ആശുപത്രി വിടുമ്പോൾ ഭർത്താവിനെ കുറിച്ച് ചോദിച്ചിരുന്നെന്ന് മാധവി പറയുന്നു. എന്നാൽ കൃത്യമായ മറുപടി ആശുപത്രി അധികൃതർ നൽകിയില്ല. അദ്ദേഹം വെന്‍റിലേറ്ററിലാണെന്നാണ് ആദ്യം പറഞ്ഞത്. മരിച്ചെന്നാണ് പിന്നീട് പറയുന്നത്. മരിച്ചതിന്‍റെ തെളിവായി ചിത്രങ്ങളോ സംസ്കാര ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങളോ കാണിക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതരുടെ കൈയിൽ അവയൊന്നും ഇല്ല. ഭർത്താവ് ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും ഇവർ പറഞ്ഞു.
മരണവിവരം കുടുംബത്തെ അറിയിച്ചെന്ന ആശുപത്രി അധികൃതരുടെ വാദം ഇവർ തള്ളി. ആരെയാണ് അറിയിച്ചതെന്നും ആരാണ് ആശുപത്രി അധികൃതർ പറയുന്ന പ്രകാരം തുടർനടപടികൾക്ക് അനുവാദം നൽകിയതെന്നും വ്യക്തമാക്കാൻ ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.