സായ് തേജ
ഹൈദരാബാദ്: സീനിയർ വിദ്യാർഥികളുടെ റാഗിങിൽ മനം നൊന്ത് രണ്ടാം വർഷ ഇൻജിനീയറിങ് വിദ്യാർഥി ഹോസ്‍റ്റൽ മുറിയിൽ ജീവനൊടുക്കി. ഹൈദരാബാദ് സിദ്ധാർഥ് ഇൻജിനീയറിങ് കോളേജിലെ വിദ്യാർഥി സായ് തേജയാണ് മരിച്ചത്.
മരിക്കുന്നതിനു മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് വിദ്യാർഥി ചിത്രീകരിച്ച വിഡിയോ പുറത്തു വന്നു. ഇതിൽ സീനിയർ വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്നും കരഞ്ഞു കൊണ്ട് പറയുന്നുണ്ട്.
സീനിയർ വിദ്യാർഥികൾ സായിയെ ബാറിൽ കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും 10000ഓളം വരുന്ന ബില്ല് അടപ്പിച്ചുവെന്നും തുടർച്ചയായ സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് അഭിഭാഷകനായ കിഷോർ പറയുന്നത്.
കോളേജിലേക്ക് പോകുന്ന വഴിക്ക് നാലഞ്ചു പേർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും മരിക്കാൻ പോവുകയാണെന്നും സായി വിഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ റാഗിങ്, ആത്മഹത്യ എന്നിവയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.