ഹൈദരാബാദ്: ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നടത്തിയ നിക്ഷേപത്തിൽ ഏഴുപതിറ്റാണ്ടിനുശേഷം അവകാശം സ്ഥാപിച്ചുകിട്ടിയതിൽ നൈസാം കുടുംബം സന്തോഷം രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയും ൈനസാം കുടുംബാംഗങ്ങളും തുക പങ്കിടുന്നത് സംബന്ധിച്ച അവ്യക്തത നിലനിൽക്കെ നൈസാമിെൻറ കൂടുതൽ കുടുംബാംഗങ്ങൾ നിക്ഷേപത്തിെൻറ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലുള്ള മൂന്നര കോടി പൗണ്ട് നിക്ഷേപവുമായി (307 കോടി രൂപ) ബന്ധപ്പെട്ട വിധിയാണ് യു.കെ ഹൈകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് പ്രസ്താവിച്ച ജഡ്ജി തുകയിൽ അവകാശവാദമുന്നയിച്ച പാകിസ്താെൻറ വാദങ്ങൾ തള്ളിയിരുന്നു.
1948ൽ അന്നത്തെ ഹൈദരാബാദ് നൈസാം 1,007,940 പൗണ്ടും ഒമ്പത് ഷില്ലിങ്ങും പുതുതായി രൂപംകൊണ്ട പാകിസ്താെൻറ ബ്രിട്ടനിലെ ഹൈകമീഷണർക്ക് കൈമാറിയിരുന്നു. ഇതാണ് മൂന്നര കോടി പൗണ്ടായി മാറിയത്. ഈ തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നൈസാമിെൻറ പിന്മുറക്കാർ ഇന്ത്യയുടെ പിന്തുണയോടെ വാദിച്ചു. എന്നാൽ, തുക തങ്ങളുടേതാണെന്ന് പാകിസ്താനും അവകാശം ഉന്നയിച്ചു. കേസിൽ നൈസാമിെൻറ ഇപ്പോഴത്തെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ പ്രിൻസ് മുകർറം ഝായും സഹോദരൻ മുഫഖം ഝായും ഇന്ത്യയോടൊപ്പമാണ് നിലകൊണ്ടത്.
71 വർഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടതിൽ നൈസാം രാജകുമാരൻ മുകർറം ഝായുടെ മുൻ ഭാര്യയും സ്വത്ത് കൈാര്യം ചെയ്യാൻ നിയമാധികാരമുള്ളയാളുമായ രാജകുമാരി ഇസ്റ സന്തോഷം പ്രകടിപ്പിച്ചു. ‘‘കോടതി വിധി നവംബറിൽ കൈയിൽ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൈയിൽ കിട്ടിയശേഷമേ സ്വത്ത് എങ്ങനെ വീതിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ’’- അവർ പറഞ്ഞു. മുകർറം ഝാ തുർക്കിയിലെ ഇസ്തംബൂളിലാണ് ഉള്ളത്. സഹോദരൻ മുകർറം ഝാ ലണ്ടനിലും.
നൈസാം പരമ്പരയിലെ മറ്റൊരു ചെറുമകനായ നജഫ് അലി എല്ലാ കുടുംബാംഗങ്ങൾക്കും തുല്യ അവകാശം കിട്ടുന്ന സ്വത്തിൽ വേണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നു. ‘‘2008ൽ ആരും മിണ്ടാതിരിക്കുന്ന ഘട്ടത്തിൽ ഞാനായിരുന്നു കേസുമായി മുന്നോട്ടു പോയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്താനുമായി അനൗദ്യോഗികമായി ചർച്ചകൾപോലും നടത്തി.
പക്ഷേ, കേസ് ഒത്തുതീർക്കാൻ പാകിസ്താൻ തയാറായിരുന്നില്ല’’- അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സർക്കാർ നൈസാം കുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാർ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോടതി ഉത്തരവുകിട്ടിയ ശേഷം നൈസാം കുടുംബാംഗങ്ങൾ സ്വത്തവകാശത്തർക്കത്തിൽ കോടതിയെ സമീപിച്ചാൽ പണം കൈയിലെത്തുന്നത് അത്ര എളുപ്പമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.