ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഭർത്താവിനോട് തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് ഡൽഹി ഹൈകോടതി. എന്നാൽ തന്റെ ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരതക്കെതിരെ വിവാഹമോചനമാവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുടുംബകോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെ യുവാവ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈകോടതി.

​'വിവാഹ ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാർഹിക ജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല. ഭർത്താവ് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ ഭാര്യ ഗാർഹിക ഉത്തരവാദിത്തങ്ങൾ ചെയ്യുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് വേലക്കാരിയോട് പറയുന്നത് പോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ യുവാവാണ് കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടുജോലികൾ ചെയ്യാറില്ല. അതുപോലെ ഭർതൃവീട്ടിലെ കാര്യങ്ങളിൽ താൽപര്യം കാണിക്കാറുമില്ല. തന്റെ വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും യുവാവ് ഹരജിയിൽ ആരോപിച്ചിരുന്നു.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കൈത്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തുടർന്ന് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈകോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഒരു ഹിന്ദുവിനെ സംബന്ധിച്ച് സ്വന്തം വീട്ടിൽ നിന്ന് മാറിത്താമസിക്കുക എന്നത് അഭികാമ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസിൽ ആൺമക്കളെ വിവാഹാനന്തരം സ്വന്തം കുടുംബത്തിൽ നിന്ന് വേർപെടുത്തുന്നത് ക്രൂരതയാണെന്ന സുപ്രീംകോടതി വിധിയും ഡൽഹി ഹൈകോടതി ഉയർത്തിക്കാക്കി. 

Tags:    
News Summary - Husband expecting wife to do household chores is not cruelty: Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.