ന്യൂഡൽഹി: ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പരാമർശിക്കുമെന്നും അവർക്ക് നീതി ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ ലോകത്തിന് സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം തുടർന്നും നൽകണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ഇസ്രായേലിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പരാമർശങ്ങൾ വന്നത്. ഇസ്രായേലിൽ എത്തുന്ന മോദി അവിടത്തെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തുകയും ഇസ്രായേൽ പാർലമെന്റിനെ (നെസ്സെറ്റ്) അഭിസംബോധന ചെയ്യുകയും ചെയ്യും.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്റെ വരാനിരിക്കുന്ന ഇസ്രായേൽ യാത്രയിൽ നെസ്സെറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമർശിക്കുകയും അവർക്ക് നീതി ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കുന്നത് നാം തുടരണം -എന്ന് എക്സ് പോസ്റ്റിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഒമ്പത് വർഷത്തിനിടെ മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. 2017 ജൂലൈയിലായിരുന്നു മോദിയുടെ ആദ്യ ഇസ്രായേൽ സന്ദർശനം. അതേസമയം, സർക്കാർ ഫലസ്തീൻ ജനതയെ കൈവിട്ടെന്ന് കോൺഗ്രസ് അരോപിച്ചു. ഗസ്സയിലെ സാധാരണക്കാർക്കെതിരായ ഇസ്രായേൽ ആക്രമണം ദയയില്ലാതെ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഫലസ്തീനികളുടെ ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് മോദി സർക്കാർ നിന്ദ്യവും കപടവുമായ പ്രസ്താവനകൾ നടത്തുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവർ അത് ഉപേക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.