ന്യൂഡൽഹി: ഹൗറയിലെ സംഘർഷത്തിന് പിന്നാലെ പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകുന്ത മജുംദാറിനെയും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ചയാണ് ഹൗറയിൽ രാമനവമി ആഘോഷത്തിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
തുടർന്ന് സംഘർഷമുണ്ടായ സ്ഥലത്ത് വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ 36 പേർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇന്ന് രാവിലെയും ഹൗറയുടെ ചില പ്രദേശങ്ങളിൽ സംഘർഷം ഉടലെടുത്തിരുന്നു. അതേസമയം, രാമനവമി സംഘർഷം ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പുതിയ തർക്കത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
സംഘർഷത്തിന് പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി ഇരു രാഷ്ട്രീയപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ കർശനമായ നടപടിയുണ്ടാകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉറപ്പു നൽകി. രാമനവമി ഘോഷയാത്രക്കിടെ സംഘർഷമുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമം നടത്തിയതെന്നും മമത ബാനർജി പറഞ്ഞു. അതേസമയം, സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യമാണെന്നാണ് ബി.ജെ.പി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.