ക്ഷേത്രോത്സവ പരിസരത്ത് അഹിന്ദുക്കളുടെ വ്യാപാരം തടയുമെന്ന് ബി.ജെ.പി വ്യാപാരി സംഘടനയുടെ ഭീഷണി

മംഗളൂരു: കർണാടകയിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവ പരിസരത്ത് അഹിന്ദുക്കൾ വ്യാപാരം നടത്തുന്നത് തടയുമെന്ന് ബി.ജെ.പി പിന്തുണയുള്ള വ്യാപാരി സംഘടന. ഹിന്ദുക്കൾ അല്ലാത്തവർക്ക് കച്ചവട അനുമതി നൽകുന്നത് നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്നും അത് തടയുമെന്നും കർണാടക കർണാടക രാജ്യ ഹിന്ദു ജാത്ര വ്യാപാരസ്ഥര സംഘ പ്രസിഡന്റ് മഹേഷ് ശേഖർ ദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹിന്ദു മത-ചാരിറ്റബ്ൾ എൻഡോവ്മെന്റ് ആക്ടിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് മഹേഷ് അവകാശപ്പെട്ടു. ഇത് ലംഘിച്ച് വ്യാപാരം നടത്തിയാൽ നേരിടും. സംഘത്തിന്റെ സംസ്ഥാനതല രൂപവത്കരണ പ്രഖ്യാപനം ശനിയാഴ്ച നടത്താൻ തീരുമാനിച്ചത് ബിജെപിയുടെ മന്ത്രിമാർ, എം.പി, എംഎൽഎമാരുടെ അസൗകര്യം കാരണം മാറ്റിവെച്ചതാണ്.

കർണാടകയിൽ 1.27 ലക്ഷം ഹിന്ദു വ്യാപാരികൾ ക്ഷേത്രം ഉത്സവങ്ങളിൽ കച്ചവടം നടത്തുന്നവരായുണ്ട്. ആ മേഖല തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുവരെ 800 വ്യാപാരികൾ സംഘവുമായി സഹകരിക്കാൻ സന്നദ്ധമായതായി മഹേഷ് പറഞ്ഞു.

വ്യാപാര മേഖലയിൽ മതവിഭാഗീയത വളർത്താനുള്ള നീക്കം തടയണം

മംഗളൂരു: വ്യാപാര മേഖലയിൽ മത വിഭാഗീയത സൃഷ്ടിക്കാൻ ഒരു വിഭാഗം നടത്തുന്ന കുത്സിത നീക്കങ്ങളുടെ അപകടം മുന്നിൽ കണ്ട് നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കന്നട-ഉടുപ്പി ജില്ല ഉത്സവകാല കച്ചവടക്കാരുടെ കോഓർഡിനേഷൻ കമ്മിറ്റിയും തെരുവ് കച്ചവട വെൽഫെയർ അസോസിയേഷനും ആവശ്യപ്പെട്ടു.

കോഓർഡിനേഷൻ ഓണററി പ്രസിഡന്റ് സുനിൽ കുമാർ ബാജൽ, വെൽഫേർ അസോസിയേഷൻ ഓണററി പ്രസിഡന്റ് ബി.കെ. ഇംത്യാസ് എന്നിവർ ഇത് സംബന്ധിച്ച് രണ്ട് ജില്ലകളുടേയും ഡി.സിമാർ, സാമുദായിക വിദ്വേഷ വിരുദ്ധ സ്ക്വാഡ് എന്നിവർക്ക് നിവേദനം നൽകി.

സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു ഭാഗത്ത് നടപടി ശക്തമാക്കുന്ന വേളയിൽ വ്യാപാര രംഗത്ത് സംഘടിത സദാചാര ഗുണ്ടായിസം കൊണ്ടുവരാനുള്ള നീക്കം ചെറുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Hindu Jaatra Vyaparastara Sangha against allowing stalls by other communities in temple fairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.