‘ഹിന്ദുത്വ’ കേസില്‍ സുവര്‍ണാവസരം പാഴാക്കി –ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കും ജനാധിപത്യത്തിനും മേല്‍ കൊടിയ കളങ്കം ചാര്‍ത്തിയ 1995ലെ ഹിന്ദുത്വ വിധിയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് സുവര്‍ണാവസാരം പാഴാക്കിയെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു.

തെറ്റുതിരുത്താനുള്ള അവസരമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് നഷ്ടപ്പെടുത്തിയതെന്ന് ജസ്റ്റിസ് കട്ജു ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
1995ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത് ഏറ്റവും അവമതിയുണ്ടാക്കുന്ന വിധിയായിരുന്നു. ഇന്ത്യക്കുള്ളത് മതനിരപേക്ഷ ഭരണഘടനയാണെന്ന് ആമുഖത്തില്‍ എഴുതിവെച്ചിട്ടുള്ളതാണ്. മതത്തിന്‍െറ പേരിലുള്ള ആഹ്വാനം ജനപ്രാതിനിധ്യ നിയമത്തിന്‍െറ 123(3) വകുപ്പ് പ്രകാരം അഴിമതിയുമാണ്. എന്നിട്ടും ഹിന്ദുത്വം ഹിന്ദുക്കളും മുസ്ലിംകളും ക്രിസത്യാനികളും സിഖുകാരുമടങ്ങുന്ന എല്ലാ ഇന്ത്യക്കാരുടെയും ജീവിതരീതിയും സംസ്കാരവുമാണെന്ന നിലപാട് പറഞ്ഞ് ജസ്റ്റിസ് വര്‍മ നേതൃത്വം നല്‍കുന്ന ബെഞ്ച് ശരിവെച്ചു.

മഹാരാഷ്ട്രയെ ഹിന്ദു സംസ്ഥാനമാക്കും എന്ന് പ്രസംഗിച്ച ശിവസേനാ സ്ഥാനാര്‍ഥി മനോഹര്‍ ജോഷിക്കെതിരെയായിരുന്നു കേസ്. ഇത് മതത്തിന്‍െറ പേരിലുള്ള ആഹ്വാനമല്ളെങ്കില്‍ പിന്നെ ഏതാണ് അത്തരത്തിലുള്ള ആഹ്വാനമാകുക എന്ന് ജസ്റ്റിസ് കട്ജു ചോദിച്ചു.

ഈ വാക്കുകള്‍ ജോഷി പറഞ്ഞത് തെരഞ്ഞെടുപ്പു പ്രസംഗത്തിലാണെന്നും ഇത് കേട്ട ജനങ്ങള്‍ മതത്തിന്‍െറ പേരിലുള്ള ആഹ്വാനമായി ഇതിനെ കണക്കാക്കുമെന്നത് അന്ന് സുപ്രീംകോടതി പരിഗണിക്കണമായിരുന്നു. തന്‍െറ അഭിപ്രായത്തില്‍ ഇത് മതനിരപേക്ഷ ജനാധിപത്യത്തിനേറ്റ അടിയാണ്.
 വലതുപക്ഷ പ്രതിലോമകാരികള്‍ക്ക് തങ്ങളുടെ എല്ലാതരം ഹീനമായ  പ്രവൃത്തികളെയും ന്യായീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ സുപ്രീംകോടതി നല്‍കിയതെന്നും ജസ്റ്റിസ് കട്ജു വ്യക്തമാക്കി.

 

Tags:    
News Summary - hindhutva case-katju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.