ന്യൂഡൽഹി: സ്ത്രീയെ അവളുടെ ഗർഭവുമായി മുന്നോട്ട് പോകാൻ നിർബന്ധിക്കുന്നത് സ്വന്തം ശരീരത്തിന്‍റെ കാര്യത്തിൽ അവൾക്കുള്ള സ്വയാധികാരത്തിന്‍റെ ലംഘനമാണെന്ന് ഡൽഹി ഹൈകോടതി. ശരീരം, ഗർഭം, ഗർഭധാരണം, മാതൃത്വം എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ സ്ത്രീക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന് ജസ്റ്റിസ് നീന ബൻസൽ കൃഷ്ണ നിരീക്ഷിച്ചു. തന്‍റെ ഗർഭവുമായി മുന്നോട്ടുപോകാൻ താൽപര്യപ്പെടാത്ത സ്ത്രീയെ അതിനായി നിർബന്ധിക്കുന്നത് അവളുടെ മാനസികമായ ബുദ്ധിമുട്ടിന് ഇടയാക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. മിക്കവാറും അത്തരം സാഹചര്യങ്ങളിൽ ആരുടെയും സഹായമോ സഹകരണമോ ഇല്ലാതെ കുഞ്ഞിനെ വളർത്തുകയും പരിപാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം അവൾ തനിച്ച് നിറവേറ്റേണ്ട സ്ഥിതിവിശേഷമാണ് സംജാതമാകുകയെന്നും സ്ത്രീ മാത്രമാണ് സഹിക്കേണ്ടിവരുകയെന്നും കോടതി വിശദീകരിച്ചു.
ഗർഭച്ഛിദ്രം നടത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിന്‍റെ 312ാം വകുപ്പിന് കീഴിൽ സ്ത്രീക്കെതിരെ സ്വീകരിച്ച ക്രിമിനൽ നടപടിക്രമങ്ങൾ റദ്ദാക്കവെയാണ് ജസ്റ്റിസ് നീന ഈ നിരീക്ഷണം നടത്തിയത്. ഗർഭം അലസിപ്പിച്ച കാരണത്തിന് വേർപിരിഞ്ഞ ഭർത്താവാണ് സ്ത്രീക്കെതിരെ കോടതിയെ സമീപിച്ചത്. 14 ആഴ്ചയെത്തിയ ഗർഭം തന്‍റെ അനുവാദമില്ലാതെ ഭാര്യ അലസിപ്പിച്ചുവെന്നായിരുന്നു പരാതി. അതിനെ തുടർന്ന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സ്ത്രീക്ക് സമൻസ് അയക്കുകയും, സമൻസ് അയച്ച ഉത്തരവ് സെഷൻസ് കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി. മെഡിക്കൽ മേൽനോട്ടത്തിൽ നിയമപരമായി നടത്തിയ ഗർഭച്ഛിദ്രം കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് അനുസരിച്ച് സ്ത്രീയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.