ഡെല്‍റ്റ പ്ലസ് വകഭേദത്തെ കരുതിയിരിക്കണം; കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദത്തെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികള്‍, പരിശോധന, വാക്‌സിനേഷന്‍ എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ രത്‌നഗിരി, ജല്‍ഗാവ് ജില്ലകളിലും മധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി ജില്ലകളിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആകെ 22 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16ഉം മഹാരാഷ്ട്രയിലാണ്. അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം.

പോസിറ്റീവായവരുടെ സാംപിളുകള്‍ വിശദമായ പരിശോധനക്ക് 'ഇന്‍സാകോഗി'ന് (ഇന്ത്യന്‍ സാര്‍സ് കോവ്- ജീനോമിക് കണ്‍സോര്‍ഷ്യ) നല്‍കാനും നിര്‍ദേശമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട 28 ലബോറട്ടറി സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും കൂട്ടായ്മയാണ് ഇന്‍സാകോഗ്. കൊറോണയുടെ ജനിതക മാറ്റത്തെ കുറിച്ച് പഠിക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കാനുമായാണ് ഇന്‍സാകോഗ് രൂപീകരിച്ചത്.

Tags:    
News Summary - Health Ministry alerts Maharashtra, Kerala and Madhya Pradesh amid COVID-19 Delta plus variant spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.