ന്യൂഡൽഹി: കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച വിലക്കയറ്റ വിരുദ്ധറാലിയിൽ അണിനിരന്ന് ആയിരങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയവരുടെ രോഷം രാംലീല മൈതാനിയിൽ അണപൊട്ടി. വിലക്കയറ്റം സർവകാല റെക്കോഡിൽ എത്തിയെങ്കിലും കോർപറേറ്റ് പ്രീണനമല്ലാതെ മറ്റൊന്നും മോദിസർക്കാർ ചെയ്യുന്നില്ലെന്ന് റാലിയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനൊപ്പം വിദ്വേഷക്കയറ്റവും രാജ്യം നേരിടുകയാണെന്ന് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പറഞ്ഞു. ഭയവും പകയും പരത്തി രാജ്യത്തെ ദുർബലപ്പെടുത്തുകയും അതുവഴി ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുകയുമാണ് മോദിസർക്കാർ. നീതിപീഠവും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമീഷനുമെല്ലാം സമ്മർദത്തിലാണ്. സർക്കാർ ഭരണഘടനാസ്ഥാപനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അവമതിക്കുന്നു. വിമർശിക്കുന്നവരെ വേട്ടയാടുന്നു.
രണ്ട് പ്രമുഖ വ്യവസായികൾക്കുവേണ്ടി 24 മണിക്കൂർ അധ്വാനിക്കുന്ന സർക്കാർ ജനവികാരം മാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുകീഴിൽ ഇന്ത്യ രണ്ടായി. സ്വപ്നങ്ങൾ കരിഞ്ഞവരുടെ ഒരിന്ത്യ. ഏതാനും കോർപറേറ്റുകളുടെ ഏതു സ്വപ്നവും പൂവണിയുന്ന ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ മോദിസർക്കാർ ഒന്നുംചെയ്യുന്നില്ല. പാവപ്പെട്ടവനോ തൊഴിലാളിക്കോ വ്യാപാരിക്കോ ഒന്നും കിട്ടുന്നില്ല. അത് അമർഷം വളർത്തുന്നു. ബി.ജെ.പിയും ആർ.എസ്.എസും വർഗീയവിദ്വേഷം വളർത്തി രാജ്യം വിഭജിക്കുന്നു.
പാർലമെന്റിൽ വിഷയങ്ങൾ ഉന്നയിക്കാൻ സർക്കാർ അനുവദിക്കാത്തതിനാൽ, നേരിട്ട് ജനങ്ങളോട് സത്യം വിശദീകരിക്കുകയും അവരുടെ അവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുകയുമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയുന്നത്. ഈ മാസം ഏഴിന് കോൺഗ്രസ് തുടങ്ങുന്ന 'ഭാരത് ജോഡോ യാത്ര' അതിന് അവസരം നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് ജയ്റാം രമേശ്, പാർലമെന്റിൽ പാർട്ടിയുടെ സഭാനേതാക്കളായ മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, മുൻ കേന്ദ്രമന്ത്രിമാരായ കമൽനാഥ്, അജയ് മാക്കൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ചികിത്സാർഥം വിദേശത്തായതിനാൽ സോണിയ ഗാന്ധിക്കും ഒപ്പമുള്ള പ്രിയങ്ക ഗാന്ധിക്കും പങ്കെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.