ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2025ൽ മാത്രം രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഡൽഹിയിലും ഉൾപ്പെടെ 1,319 വിദ്വേഷ പ്രസംഗങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനവും 2023നെ അപേക്ഷിച്ച് 97 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയത്. ശരാശരി ഒരു ദിവസം നാല് വിദ്വേഷ പ്രസംഗങ്ങൾ വീതം രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 88 ശതമാനവും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലോ സഖ്യകക്ഷികൾ ഭരിക്കുന്നയിടങ്ങളിലോ ആണ് നടന്നത്.
വിദ്വേഷം പ്രചരിപ്പിക്കാൻ സാമൂഹികമാധ്യമങ്ങൾ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 1200ലധികം എണ്ണത്തിനും ഡിജിറ്റൽ തെളിവുകളുണ്ട്. ഇതിൽ 1278 വീഡിയോകൾ ആദ്യമായി സാമൂഹികമാധ്യമങ്ങൾ വഴിയാണ് പ്രചരിപ്പിച്ചത്. ഇതിൽ ഫേസ്ബുക്കിലൂടെയാണ് 942 എണ്ണം ആദ്യമായി അപ്‌ലോഡ് ചെയ്യപ്പെട്ടത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവയാണ് തൊട്ടുപിന്നിൽ. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ് ദൾ തുടങ്ങിയ സംഘടനകളാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടാനും സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യാനും വിദ്വേഷം പടർത്താനും ഈ പ്ലാറ്റ്‌ഫോമുകൾ ആസൂത്രിതമായി ഉപയോഗിക്കപ്പെടുന്നു.
സാമൂഹികമാധ്യമ കമ്പനികൾ തങ്ങളുടെ ഉള്ളടക്ക നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ വിദ്വേഷം പടരാൻ പ്രധാന കാരണമായിട്ടുണ്ട്. വിദ്വേഷം പടർത്തുന്ന വീഡിയോകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ മുന്നിലാണെങ്കിലും, സംഘടിതമായ ഈ വിദ്വേഷ നീക്കങ്ങളെ തടയാൻ നിലവിലെ നിയമങ്ങൾക്കോ പ്ലാറ്റ്‌ഫോമുകൾക്കോ സാധിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ളവർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിരോധിക്കപ്പെട്ടാലും ഫാൻ പേജുകളിലൂടെയും പ്രോക്സി അക്കൗണ്ടുകളിലൂടെയും വിദ്വേഷ പ്രചാരണം തുടരുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വിദ്വേഷ പ്രസംഗങ്ങളെ കേവലം വ്യക്തിഗതമായ പോസ്റ്റുകളായി കാണാതെ, ഒരു വ്യവസ്ഥിതിയുടെ പരാജയമായി കണ്ട് അതിനെ നേരിടണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. യൂറോപ്യൻ യൂനിയനിലെ ഡിജിറ്റൽ നിയമങ്ങൾ പോലെ, പ്ലാറ്റ്‌ഫോമുകളുടെ ആൽഗരിതങ്ങൾ വരുത്തുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ട് നിയന്ത്രിക്കുന്ന സംവിധാനം ഇന്ത്യയിലും ആവശ്യമാണെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.