ആം ആദ്മിയോട് ചാഞ്ഞ് ഹാര്‍ദിക് പട്ടേല്‍

അഹ്മദാബാദ്: അടുത്തവര്‍ഷം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയറിയിച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാജ്യത്തോട് പറയുമെന്ന് ഹാര്‍ദിക് പറഞ്ഞു. മെഹ്സാനയിലെ തന്‍െറ സമുദായാംഗങ്ങള്‍ വഴി കെജ്രിവാളിന് നിവേദനം കൊടുത്ത ഹാര്‍ദിക് പട്ടേല്‍ സമുദായക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കണമെന്ന് നിവേദനത്തില്‍ പറഞ്ഞു.

സംവരണമാണ് തങ്ങളുടെ പ്രാഥമികലക്ഷ്യമെന്നും അത് അനുവദിക്കാനാകുമോയെന്ന് കെജ്രിവാള്‍ വ്യക്തമാക്കണമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തിലത്തെിയതാണ് കെജ്രിവാള്‍. ‘ബി.ജെ.പി ഗുജറാത്തിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. നിങ്ങള്‍ രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. നിങ്ങളുടെ ശബ്ദം രാജ്യം ശ്രവിക്കും. ഞങ്ങളുടെ സമുദായത്തിനുവേണ്ടി കഴിയുന്നതൊക്കെ ചെയ്യണം’ -ഹാര്‍ദിക് നിവേദനത്തില്‍ പറഞ്ഞു.

പട്ടേല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പിന് ഉത്തരവിട്ട നേതാക്കള്‍ ശിക്ഷിക്കപ്പെടണമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തികേന്ദ്രമായ സംസ്ഥാനത്ത് ഭൂരിപക്ഷമായ പട്ടേല്‍ സമുദായക്കാരെ ഒപ്പം നിര്‍ത്തി അങ്കത്തിനിറങ്ങാനാണ് കെജ്രിവാളിന്‍െറയും നീക്കം. പട്ടേല്‍ സ്വാധീന മേഖലയായ പിലുദ്ര ഗ്രാമത്തില്‍ പൊതുയോഗത്തില്‍ സംസാരിച്ച കെജ്രിവാള്‍ ഒരു വര്‍ഷം മുമ്പ് സമുദായത്തിന്‍െറ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഈ ഗ്രാമത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും പറഞ്ഞു.

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തെ പാട്ടീദാര്‍ സമരവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു കെജ്രിവാള്‍. പ്രക്ഷോഭമാരംഭിച്ചതുപോലെ ഗുജറാത്തിലെ രാഷ്ട്രീയം ശുചീകരിക്കാനും തുടക്കം കുറിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജയ് സര്‍ദാര്‍-ജയ് പട്ടേല്‍ മുദ്രാവാക്യവും ഉയര്‍ത്തി. പട്ടേല്‍ സമുദായക്കാരുടെ സംവരണപ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനത്തെുന്ന കെജ്രിവാളിനെ തടയില്ളെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പടുത്ത സംസ്ഥാനത്തില്‍ എല്ലാ സമുദായക്കാര്‍ക്കും ഹാര്‍ദിക്കിന്‍െറ നേതൃത്വത്തിലുള്ള വിഭാഗത്തില്‍ കണ്ണുണ്ട്. സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഹാര്‍ദിക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളോട് അകലം പാലിക്കുകയും കോണ്‍ഗ്രസും ബി.ജെ.പിയും പട്ടേല്‍ സ്വാധീന മേഖലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ എതിര്‍ക്കുകയും ചെയ്ത പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നിലപാടില്‍ ശ്രദ്ധേയമായ മാറ്റം തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുമായുള്ള അടുപ്പം.

Tags:    
News Summary - Hardik Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.