ന്യൂഡല്‍ഹി: സ്മാർട്ട് ഫോണുകളിൽ ലൊക്കേഷന്‍ നിരീക്ഷിക്കാനുള്ള ഉപഗ്രഹ ലൊക്കേഷന്‍ ട്രാക്കിങ് എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കണമെന്ന കേന്ദ്ര സര്‍ക്കാർ നിർദേശത്തിനെതിരെ മൊബൈൽ ഫോൺ നിർമാതാക്കൾ. സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ആപ്പിൾ, ഗൂഗ്ൾ, സാംസങ് കമ്പനികളാണ് എതിർപ്പുമായി രംഗത്തുവന്നതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരമൊരു നടപടി ലോകത്ത് മറ്റെവിടെയും ഇല്ലെന്നും നിയന്ത്രണം അതിരുകടന്നതായിരിക്കുമെന്നും ആപ്പിളിനെയും ഗൂഗ്ളിനെയും പ്രതിനിധീകരിക്കുന്ന ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ) സർക്കാറിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാറിന്റെ സഞ്ചാർ സാഥി ആപ് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയാത്ത തരത്തില്‍ ഫോണുകളിൽ പ്രീ-ഇൻസ്‌റ്റാള്‍ ചെയ്യണമെന്ന് മൊബൈൽ കമ്പനികൾക്ക് ഏതാനും ദിവസം മുമ്പ് നിർദേശം നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാർട്ട് ഫോണുകളിൽ ലൊക്കേഷന്‍ നിരീക്ഷിക്കാനുള്ള ഉപഗ്രഹ ലൊക്കേഷന്‍ ട്രാക്കിങ് എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സർക്കാർ നൽകിയ നിർദേശവും പുറത്തുവരുന്നത്.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് കൃത്യമായ ലൊക്കേഷന്‍ ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫോണുകളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഉപഗ്രഹ ലൊക്കേഷന്‍ ട്രാക്കിങ് സാധ്യമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സംവിധാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ചാണ് ലൊക്കേഷന്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് ഏകദേശ പ്രദേശം മാത്രമേ നൽകുന്നുള്ളൂ.
ഫോണ്‍ ഉടമയുടെ കൃത്യമായ ലൊക്കേഷന്‍ ലഭ്യമാക്കാന്‍ കഴിയണമെങ്കില്‍ ഉപഗ്രഹ സിഗ്നലുകളും സെല്ലുലാര്‍ ഡേറ്റയും ഉപയോഗിച്ചുള്ള ജി.പി.എസ് സാങ്കേതികവിദ്യ മൊബൈലുകളില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളോട് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം മൊബൈൽ കമ്പനികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫോണുകളെ നിരീക്ഷണ ഉപകരണമാക്കി മാറ്റുന്നതാണ് സർക്കാർ നിർദേശമെന്ന് വിമർശനം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.