ലശ്കര്‍ നേതാവ് ഹാഫിസ് സഈദിനെ വധിക്കാന്‍ മോദിയോട് ജവാന്‍െറ വിധവ

ഗയ: ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ കടന്ന് ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിനെ വധിക്കണമെന്ന് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍െറ വിധവ. കൊല്ലപ്പെട്ട സൈനികന്‍ അശോക് കുമാറിന്‍െറ വിധവ സംഗീത ദേവിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യമുന്നയിച്ചത്.
ഉസാമ ബിന്‍ലാദിനെ അമേരിക്ക വധിച്ചതുപോലെ ഇക്കാര്യം നടപ്പാക്കണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ‘സര്‍ജിക്കല്‍’ ആക്രമണത്തെ അവര്‍ അഭിവാദ്യം ചെയ്തു.

തീവ്രവാദ കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണം ഏറെ സംതൃപ്തി നല്‍കുന്നതായും രാജ്യത്തിനുവേണ്ടി കൂടുതല്‍ ത്യാഗമനുഷ്ഠിക്കാന്‍ താനും കുടുംബവും തയാറാണെന്നും അവര്‍ പറഞ്ഞു. സംഗീത ദേവിയുടെ മകനും സഹോദരീ പുത്രനും സൈനികരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച സംഗീത, തന്നെപ്പോലുള്ളവരെ വിധവകളാക്കുന്ന തീവ്രവാദികളുടെ ക്യാമ്പുകളില്‍ ആക്രമണം നടത്തുന്നതിന് മടികാണിക്കരുതെന്ന് അഭ്യര്‍ഥിച്ചു.

സമാനമായ പ്രതികരണമാണ് ഉറിയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് സുനില്‍ വിദ്യാര്‍ഥിയുടെ വിധവയും നടത്തിയത്. എനിക്ക് ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. എന്നാല്‍, സൈന്യത്തിന്‍െറ ആക്രമണം വേദനസംഹാരിയായി -അവര്‍ പ്രതികരിച്ചു. സൈന്യത്തിന്‍െറ തിരിച്ചടിയെ കുറിച്ച വാര്‍ത്ത തന്‍െറ കാതുകള്‍ക്ക് മധുരമായതായും അവര്‍ പറഞ്ഞു.

തീവ്രവാദികളെ കൊല്ലാന്‍ സൈനികര്‍ മുകളില്‍നിന്നുള്ള ഉത്തരവുകള്‍ക്ക് കാത്തിരിക്കരുതെന്ന്  സുനില്‍ വിദ്യാര്‍ഥിയുടെ പതിനാലുകാരിയായ മകള്‍ ആരതി പറഞ്ഞു. ആക്രമണം കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരവായെന്ന് മറ്റൊരു ജവാന്‍ രാഗേഷ് സിങ്ങിന്‍െറ വിധവ കിരണ്‍ ദേവിയും മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Hafiz Saeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.