2002ലെ ഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പുറത്തുവന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗുജറാത്ത് ബി.ജെ.പി എം.എൽ.എ രംഗത്ത്.
എം.എൽ.എ വിപുൽ പട്ടേൽ വെള്ളിയാഴ്ച നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ബി.ബി.സി ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന കണ്ടെത്തലുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പ്രമേയം. ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിലവാരം കുറഞ്ഞ ശ്രമമാണെന്ന് പ്രമേയത്തിൽ പറയുന്നു.
"ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അഭിപ്രായ സ്വാതന്ത്ര്യമാണ് അതിന്റെ ഭരണഘടനയുടെ കാതൽ. എന്നാൽ അതിനർത്ഥം ഒരു വാർത്താ മാധ്യമത്തിന് അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാമെന്ന് അർത്ഥമാക്കുന്നില്ല" -ചൊവ്വാഴ്ച അസംബ്ലി സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രമേയത്തിൽ പറയുന്നു.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന തലക്കെട്ടിൽ ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി രാജ്യത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് കേന്ദ്ര ബി.ജെ.പി സർക്കാർ അപ്രഖ്യാപിത വിലക്ക് കൽപിക്കുകയും ബി.ബി.സിയുടെ രാജ്യത്തെ ഒഫിസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഡോക്യുമെന്ററിയിലെ നിലപാടുമായി ശക്തമായി മുന്നോട്ടുപോകും എന്നായിരുന്നു ബി.ബി.സിയുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.