ബംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ ദരിദ്രരാണ്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല. ഹൃദയമില്ലാത്ത ഒരു സര്‍ക്കാരിന് മാത്രമേ ഈ തൊഴിലാളികളിൽ അവരുടെ മടക്കയാത്രക്കായി വീണ്ടും പണം ആവശ്യപ്പെടാന്‍ കഴിയൂയെന്നും ശിവകുമാർ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കാനായി പണം കണ്ടെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സോണിയാ ഗാന്ധിയേയും രാഹുലിനേയും അറിയിച്ചു. അവരാണ് പണം നല്‍കാമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. കർണാടക കോൺഗ്രസാണ് ആദ്യം കുടിയേറ്റ തൊഴിലാളികൾക്കുള്ള യാത്രാ ചെലവ് വഹിക്കാൻ മുന്നോട്ട് വന്നത്. ശേഷമാണ് ദേശീയ നേതൃത്വം മുഴുവൻ യാത്രാ ചെലവ് വഹിക്കാൻ മുന്നോട്ട് വന്നത്.
കോണ്‍ഗ്രസ് നല്‍കിയ ചെക്ക് വ്യാജമാണെന്ന് പറഞ്ഞ റവന്യൂ മന്ത്രി പി. അശോകയെയും ശിവകുമാർ വിമർശിച്ചു. രാഷ്ട്രീയ പക്വതയില്ലാത്തതുകൊണ്ട് വ്യാജ ചെക്ക് എന്ന ആരോപണം അശോക നടത്തിയത്. കെ.പി.സി.സിക്ക് വേണ്ടി ഒപ്പിട്ട ചെക്കാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംസഥാനത്ത് ആരോഗ്യമന്ത്രി ശ്രീരാമലുവും കോവിഡ് പ്രതിരോധ സംഘത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുധാകറും തമ്മിൽ പോരാടിച്ചുകൊണ്ടിരിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.