യുദ്ധവിമാനം വാങ്ങാം; ഇന്ത്യയില്‍ നിര്‍മിച്ചതാണെങ്കില്‍

ന്യൂഡല്‍ഹി: വിദേശ കമ്പനികളില്‍നിന്ന് 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഒരു നിബന്ധന മാത്രം; പ്രാദേശിക പങ്കാളിത്തത്തോടെ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതായിരിക്കണം. സോവിയറ്റ് കാലഘട്ടത്തില്‍ വാങ്ങിയ പഴയ യുദ്ധവിമാനങ്ങള്‍ ഒഴിവാക്കി സേനയെ ആധുനികീകരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ വിമാനം വാങ്ങുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച ഒറ്റ എന്‍ജിനുള്ള 200 യുദ്ധവിമാനങ്ങളാണ് വാങ്ങുന്നത്. ഇത് 300 വരെ ആകാമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 86,000 കോടി രൂപ മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ ചെലവാകും. രാജ്യത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളില്‍ ഒന്നാണ് ഇത്.

ഫ്രാന്‍സില്‍നിന്ന് 36 അത്യാധുനിക റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞമാസം കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സൈന്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, പുതിയ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ പങ്കാളിത്തത്തോടെ രാജ്യത്ത് നിര്‍മിച്ചതായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിമാന വ്യവസായത്തിന് തുടക്കംകുറിക്കുന്നതിനാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തത്.

എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പ്രമുഖ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനക്കുവേണ്ടി മാത്രമല്ല, കയറ്റുമതി ലക്ഷ്യമിട്ടുമാണ് ഇന്ത്യയില്‍ യൂനിറ്റ് തുടങ്ങുന്നത്. സ്വീഡനിലെ സാബ് കമ്പനിയും തങ്ങളുടെ ഗ്രിപ്പന്‍ വിമാനത്തിന്‍െറ നിര്‍മാണത്തിന് ഇന്ത്യയില്‍ യൂനിറ്റ് തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് പ്രതിരോധ മന്ത്രാലയം കമ്പനികള്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

Tags:    
News Summary - Govt to buy 200 foreign fighter jets - if they're Made-in-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.