കോവിഡ് പ്രതിരോധത്തിലെ വീഴ്ച: സർക്കാറിനെ വിമർശിക്കുന്ന ട്വീറ്റുകൾ തടയണം​; ട്വിറ്ററിന്​ നോട്ടീസ്​ അയച്ച്​ കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിൽ കേന്ദ്രത്തിന്‍റെ പിഴവുകളെ വിമർശിക്കുന്ന ചില ട്വീറ്റുകൾ തടയണമെന്നാവശ്യപ്പെട്ട്​ ട്വിറ്ററിന്​ കേന്ദ്രസർക്കാറിന്‍റെ നോട്ടീസ്​. സർക്കാറിന്‍റെ തെറ്റായ നടപടികളോ, കോവിഡ്​ രോഗികൾ അനുഭവിക്കുന്ന ദുരിതമോ വിവരിക്കുന്ന ട്വീറ്റുകൾക്കെതിരെയാണ്​ നടപടി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇവയിൽ ഏറെയും മരുന്നുകളുടെയും ഓക്​സിജന്‍റെയും ക്ഷാമം കോവിഡ്​ രോഗികൾക്കേൽപ്പിച്ച ദുരിതത്തെ കുറിച്ച്​ പറയുന്നതാണെന്നും​ ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്തു​.

ഇതേതുടർന്ന്​ ചില ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞു. രേവന്ത് റെഡ്ഡി എം.പി, പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിങ്​, ചലച്ചിത്ര പ്രവർത്തകരായ വിനോദ് കാപ്രി, അവിനാശ് ദാസ് എന്നിവരുടേതുൾപ്പെടെ നിരവധി ജനപ്രിയ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകളും തടഞ്ഞതിൽ പെടുന്നു.

പ്രസ്​തുത ട്വീറ്റുകൾ ഇന്ത്യയുടെ ഐ.ടി നിയമത്തിന് വിധേയമല്ലെന്ന്​ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന്​ നോട്ടീസയച്ചതിന്​ പിന്നാലെയാണ്​​ നടപടി. എന്നാൽ ഏതൊക്കെ ട്വീറ്റുകളാണ്​ തടഞ്ഞതെന്നും എന്താണ്​ അതിന്​ കാരണമെന്നുമുൾപ്പെടെയുള്ള കാര്യത്തിൽ പൊതുഇടത്തിൽ പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല.

ട്വീറ്റുകൾ ഇന്ത്യൻ സർക്കാറിന്‍റെ ഐ.ടി നിയമത്തിന്‍റെ ലംഘനമാണെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടിയതായി അറിയിച്ച് പരാതിക്കിടയാക്കിയ ട്വീറ്റിട്ട ഉപയോക്താക്കൾക്ക്​​ ട്വിറ്റർ നോട്ടീസ്​ അയച്ചിട്ടുണ്ട്​. എന്നാൽ സംഭവത്തിൽ കേന്ദ്ര സർക്കാറും പ്രതികരിച്ചിട്ടില്ല. ഇത്​ രണ്ടാം തവണയാണ്​ ട്വീറ്റുകൾ തടയണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ ട്വിറ്ററിനെ സമീപിക്കുന്നത്​. മുമ്പ്​ കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിലും സർക്കാർ ട്വീറ്റുകൾ നീക്കം ചെയ്യാനും ചില ട്വിറ്റർ ഹാൻഡിലുകൾ തടയാന​ും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ വർധിച്ചിരിക്കുകയാണ്​. ഇതോടെ രാജ്യത്ത്​ ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്‍റെയും മരുന്നുകളുടെയും ക്ഷാമം അനുഭവപ്പെടുന്നുണ്ട്​.

Tags:    
News Summary - Govt asks Twitter to block some tweets critical of its Covid handling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.