മുംബൈ: സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരെ വധക്കേസിലെ തുടരന്വേഷണത്തിനെതിരെ സംസാരിക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് ബോംബെ ഹൈകോടതി.
കേസ് അന്വേഷണം കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൻസാരെയുടെ മകളും മരുമകളും നൽകിയ ഹരജിക്കെതിരെ കേസിലെ പ്രതി ശരദ് കലസ്കർ നൽകിയ ഹരജി പരിഗണിക്കെ ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, പ്രകാശ് ഡി. നായിക് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്. കോടതി നിരീക്ഷണവും ഇടക്കുള്ള ഉത്തരവുകളും വിചാരണക്ക് തടസ്സമാകുന്നു എന്നാരോപിച്ചാണ് ശരദ് കലസ്കർ ഹരജി നൽകിയത്.
എന്നാൽ, കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക് എതിരെയുള്ള വിചാരണക്ക് തടസ്സമില്ലെന്നും അതിൽ ഇടപെടുന്നില്ലെന്നും പറഞ്ഞ കോടതി കേസിലെ പിടികിട്ടാപ്പുള്ളികൾക്കെതിരായ തുടരന്വേഷണത്തിലാണ് നിലവിൽ നിരീക്ഷണമെന്ന് വ്യക്തമാക്കി.
അതിവേഗ വിചാരണ എന്ന അവകാശവുമായി ബന്ധപ്പെട്ട് പ്രതിക്ക് സംസാരിക്കാമെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി.എസ്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി.
തുടർ നടപടി മാർച്ച് മൂന്നിലേക്ക് മാറ്റുകയും ചെയ്തു. പൻസാരേക്ക് നേരെ നിറയൊഴിച്ചവരിൽ ഒരാൾ ശരദ് കലസ്കറാണെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.