File Pic

അവകാശം തിരിച്ചു കിട്ടി, ദൈവത്തിന് സ്തുതി, കർണാടക സർക്കാറിന് നന്ദി -മസ്കൻ

മംഗളൂരു: ഓർമയില്ലേ, കഴുത്തിൽ കാവിഷാളണിഞ്ഞ് കാവിക്കൊടികൾ ഉയർത്തി വീശി "ജയ് ശ്രീറാം..." എന്നാക്രോശിച്ച് പാഞ്ഞടുത്ത ആൺകൂട്ടങ്ങൾക്ക് നടുവിലൂടെ "അല്ലാഹ് അക്ബർ..." വിളിച്ച് നടന്നുപോയ മസ്കൻ എന്ന വിദ്യാർഥിനിയെ? കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹിജാബ് ധരിച്ച് മാണ്ട്യ പി.ഇ.എസ് കോളജിൽ കടന്നതിന്റെ പേരിൽ നേരിട്ട ആ വെല്ലുവിളി ഇന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് മസ്കൻ ഏറെ സന്തോഷത്തോടെ പറഞ്ഞു, "ദൈവത്തിന് സ്തുതി, മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക്, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്, മന്ത്രി സമീർ അഹ്മദ് ഖാന്, നിയമസഭ സ്പീക്കർ യു.ടി. ഖാദറിന് നന്ദി".

വിശ്വാസപരമായ അവകാശമാണ് തിരിച്ചു കിട്ടിയതെന്ന് മസ്കൻ പറഞ്ഞു. ശിരോവസ്ത്രം വിദ്വേഷ അടയാളമല്ല. സാഹോദര്യത്തിന്‍റെ ചിഹ്നവും സുരക്ഷാ കവചവുമാണ്. ഭരണഘടന ഉറപ്പ് നൽകുന്നതായിട്ടും വ്യാഖ്യാനങ്ങളിലൂടെ മറികടന്ന് നിരോധം കൊണ്ടുവന്നു. ഭരണകൂട വിലക്കിന് വഴങ്ങി തങ്ങൾ മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബ് ഉപേക്ഷിക്കാനാവില്ല. പകരം പഠനം ഉപേക്ഷിക്കേണ്ടി വന്ന നിരവധി സഹോദരിമാരുണ്ട്. വർഷമായി മുടങ്ങിയ പഠനം പി.ഇ.എസ് കോളജിൽ തുടരാൻ ഞാൻ തീരുമാനിച്ചു. ഈ വഴിയിൽ വിദ്യാർഥിനികൾ അനേകമുണ്ട്. ഒരിക്കൽ കൂടി മുഴുവൻ കാമ്പസ് സഹോദരീ, സഹോദരന്മാരേയും ഓർമപ്പെടുത്താനുള്ളത് ശിരോവസ്ത്രം ഒരു രാഷ്ട്രീയ വിഷയം അല്ലെന്നാണ്. വളരെ കൃത്യമായി അത് വിശ്വാസത്തിന്റെ കാര്യമാണ്" -മസ്കൻ പറഞ്ഞു.

 

ഹിജാബ് വിരുദ്ധ പ്രചാരണവും പ്രക്ഷോഭവും ശക്തമായ വേളയിൽ അസൈൻമെന്റ് സമർപ്പിക്കാൻ വേണ്ടിയാണ് അന്ന് താൻ കോളജിൽ പോയതെന്ന് മസ്കൻ പറഞ്ഞു. സ്കൂട്ടർ നിറുത്തി കോളജിനകത്തേക്ക് നടന്ന തന്നെ ആൺ വിദ്യാർഥിക്കൂട്ടം പിന്തുടർന്ന് വളയുകയായിരുന്നു. അവർക്ക് ആവേശവും പിന്തുണയുമായി പുറത്ത് മുതിർന്നവരേയും കാണാനായി. ദൈവത്തിന്റെ കല്പന അനുസരിച്ച തനിക്ക് എതിരെ ഉയർന്ന കൈകളും ശബ്ദങ്ങളും ദൈവത്തിന്റെ ശക്തിയെ വാഴ്ത്തി നേരിടുകയാണ് ചെയ്തത് -മസ്കൻ പറഞ്ഞു. 

Tags:    
News Summary - Got the right back, praise the God, thanks Karnataka Govt - Muskan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.