ഗോപി മഞ്ചൂരിയൻ

‘ഗോവയിൽ ഗോബി മഞ്ചൂരിയന് ഗോബാക്ക്!’...ബോഡ്ഗേശ്വർ ക്ഷേത്രമേളയിൽ വിൽപന നിരോധിച്ചു

നോർത്ത് ഗോവയിലെ മാപുസയിൽ നടക്കുന്ന വാർഷിക ആഘോഷമായ ബോഡ്ഗേശ്വർ ക്ഷേത്ര മേളയുടെ ഭാഗമായി സമീപത്തെ ഭക്ഷണശാലകളിൽ ഗോബി മഞ്ചൂരിയൻ, തന്തൂരി ചിക്കൻ എന്നിവയുടെ വിൽപന നിരോധിച്ചു.

മേളയോട് അനുബന്ധിച്ചുള്ള ഭക്ഷണ സ്റ്റാളുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ വിഭവങ്ങൾ തയാറാക്കുന്നതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ടെന്നും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകൾക്കും ഹോട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഈ വർഷത്തെ മേളക്ക് വെള്ളിയാഴ്ച തുടക്കമായി.

മഞ്ചൂരിയൻ റെഡ് ചില്ലി മസാല സോസിൽ വറുത്ത കോളിഫ്‌ളവറാണ് ഗോബി മഞ്ചൂരിയൻ. ഇത് ഒരു ഇന്ത്യൻ-ചൈനീസ് വിഭവമാണ്. ക്ഷേത്രമേളക്കിടെ സാധാരണയായി നിരവധി സ്റ്റാളുകളിൽ ഈ വിഭവം കണ്ടുവരാറുണ്ട്.

'ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനമെടുത്തു. നോൺ വെജിറ്റേറിയൻ വിഭാഗങ്ങളിൽ തന്തൂരി ചിക്കനും മറ്റ് ലൈവ് പാചക സ്റ്റാളുകളും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ചിക്കൻ കഷണങ്ങൾ പ്രദർശിപ്പിക്കുന്ന ചില സ്റ്റാളുകൾ ഉണ്ട്. ഇതും അനുവദനീയമല്ല' -ശ്രീ ബോദ്ഗേശ്വർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വാമൻ പണ്ഡിറ്റ് പറഞ്ഞു.

ഓംലെറ്റ് പാവോ, ഗോവൻ ഷാകൂട്ടീ ചിക്കൻ എന്നിവ വിൽക്കുന്ന ചില നാടൻ കടകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റിൽ നിന്നും കൃത്യമായ ലൈസൻസുള്ള സ്റ്റാളുകൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ടെന്നും, ശരിയായ ആസൂത്രണത്തോടെ ഭക്ഷണ സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.

'മേളയോടനുബന്ധിച്ച് റോഡരികിലെ കടകളിൽ ഗോബി മഞ്ചൂരിയനും തന്തൂരി ചിക്കനും വൃത്തിഹീനമായ സാഹചര്യത്തിലാണ് തയാറാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെടുത്തത്. വിൽപനക്കാർ സിന്തറ്റിക് കളറുകൾ, അജിനോമോട്ടോ, ഗുണനിലവാരമില്ലാത്ത സോസുകൾ എന്നിവ ചേർക്കുന്നുണ്ട്. കുറച്ചുവർഷങ്ങളായി വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നതെന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വാമൻ പണ്ഡിറ്റ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇതിനു മുമ്പ് 2024ൽ ബോദ്ഗേശ്വർ ക്ഷേത്ര മേളയുടെ സമയത്ത് സ്റ്റാളുകളിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് നോർത്ത് ഗോവയിലെ മാപുസ മുനിസിപ്പൽ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. 2022ൽ വാസ്കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ മേളയിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ദക്ഷിണ ഗോവയിലെ മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് സർക്കുലർ നൽകിയിരുന്നു.

Tags:    
News Summary - Gobi Manchurian banned at Bodgeswar temple fair in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.