നരേന്ദ്ര മോദി
ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും ലളിത ജീവിതത്തിനും ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനവ്യൂഹം 50 ശതമാനം വെട്ടികുറക്കാൻ നിർദേശം നൽകിയാതായി റിപ്പോർട്ടുകൾ. ഇന്ധന ഉപഭോഗം കുറക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനുമാണ് ഈ നിർണായക നീക്കം.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് (എസ്.പി.ജി) വാഹനങ്ങളുടെ എണ്ണം 50% കുറക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളായ 'ബ്ലൂ ബുക്ക്' നിയമങ്ങൾ ലംഘിക്കാതെ തന്നെ ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) എണ്ണം വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്നും നിലവിലുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശമുണ്ട്.
പ്രധാനമന്ത്രിയുടെ ഈ നടപടി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഏറ്റെടുത്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരും തങ്ങളുടെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
യു.എസ്-ഇറാൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില വർധിക്കുകയും ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജനങ്ങളോട് ലോക്ഡൗണിന് സമാനമായ കാര്യങ്ങൾ പ്രഖ്യാപിച്ചത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറക്കുന്നതിനായി ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സ്വർണം ഇറക്കുമതി ചെയ്യുന്നതിന്റെ നികുതി ഉയർത്തിയത് കാരണം പതിനായിരം രൂപയോളമാണ് ഇന്ന് പവന് കൂടിയത്.
വിദേശ വിനോദസഞ്ചാരവും വിദേശ രാജ്യങ്ങളിലെ വിവാഹാഘോഷങ്ങളും ഒഴിവാക്കി ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യം ലാഭിക്കുന്നത് ഒരു രാജ്യസ്നേഹപരമായ പ്രവർത്തനമാണെന്നും, എല്ലാ കാര്യങ്ങൾക്കും ഇറക്കുമതിയെ ആശ്രയിച്ചാൽ രാജ്യത്തിന് എങ്ങനെ പുരോഗതിയുണ്ടാകും? എന്ന് ചോദിച്ച നരേന്ദ്ര മോദി, പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും 'ദേശീയ പ്രതിബദ്ധതയുള്ള' ജീവിതശൈലി സ്വീകരിക്കാനും ആഹ്വാനം ചെയ്തു.
ആഗോള സാമ്പത്തിക പ്രതിസന്ധികളെയും വിതരണ ശൃംഖലയിലെ തടസ്സങ്ങളെയും മറികടക്കാൻ ഇത്തരം കൂട്ടായ പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.