ന്യൂഡൽഹി: ഗ്രാമത്തിലേക്കുള്ള ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണക്ക് എട്ടാം ക്ലാസ് വിദ്യാർഥിയുടെ കത്ത്. റാൺഗ്രേഡ്ഡി ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്കുള്ള ബസ് സർവീസ് വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വൈഷ്ണവി എന്ന വിദ്യാർഥിനി കത്തയച്ചത്. കോവിഡിന് ശേഷം ബസ് സർവീസ് നിർത്തുകയായിരുന്നുവെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
വൈഷ്ണവിക്കും സഹോദരി പ്രീതിക്കും സഹോദരൻ പ്രണീതിനും ബസില്ലാത്തതിനാൽ സ്കൂളിൽ പോകാനാവുന്നില്ല. ഓട്ടോറിക്ഷയിൽ പോകുന്നതിനുള്ള സാമ്പത്തികശേഷിയില്ല. പിതാവ് കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം അമ്മയുടെ ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നതെന്നും വൈഷ്ണവി കത്തിൽ പറയുന്നു.
കത്ത് ലഭിച്ചയുടൻ ചീഫ് ജസ്റ്റിസ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറഷനുമായി ബന്ധപ്പെട്ട് ബസ് സർവീസ് പുനഃരാരംഭിക്കാൻ നിർദേശം നൽകി. കുട്ടിയുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിന്‍റെ നിർദേശത്തിന് പിന്നാലെ ബസ് സർവീസ് പുനഃരാരംഭിച്ചുവെന്ന് അറിയിച്ച് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രംഗത്തെത്തി. കോർപ്പറേഷൻ മാനേജ്മെന്റ് വൈഷ്ണവിയുമായും അമ്മയുമായും ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇക്കാര്യം കോർപ്പറേഷനെ അറിയിച്ച ചീഫ് ജസ്റ്റിനോട് അവർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇതാദ്യമായല്ല ചീഫ് ജസ്റ്റിസ് എൻ.വി.രമണ കുട്ടികളുടെ കത്തിന് മറുപടി നൽകുന്നത്. നേരത്തെ കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ കത്തിനും ചീഫ് ജസ്റ്റിസ് മറുപടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.