റായ്പൂർ: ഛത്തീസ്ഗഢിലെ ഊർജ, സിമന്റ് പദ്ധതികളിൽ 65,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് വ്യവസായ ഭീമൻ ഗൗതം അദാനി. ഇതിനായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ അദാനി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ ഔദ്യോഗിക വസതിയിൽ വെച്ചാണ് അദാനി സായിയെ കണ്ടതെന്ന് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റായ്പൂർ, കോർബ, റായ്ഗഡ് എന്നിവിടങ്ങളിലെ ഗ്രൂപ്പിന്റെ പവർ പ്ലാന്റുകൾ വിപുലീകരിക്കാൻ 60,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യോഗത്തിൽ അദാനി പ്രഖ്യാപിച്ചു. ഈ വിപുലീകരണം ഛത്തീസ്ഗഡിന്റെ മൊത്തം വൈദ്യുതോൽപ്പാദന ശേഷി 6,120 മെഗാവാട്ട് ആയി വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഗ്രൂപ്പിന്റെ സംസ്ഥാനത്തെ സിമന്റ് പ്ലാന്റുകളുടെ വികസനത്തിനും വിപുലീകരണത്തിനുമായി 5,000 കോടി രൂപയും അദാനി ഗ്രൂപ്പ് ചെയർമാൻ വാഗ്ദാനം ചെയ്തു.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) പ്രകാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ അദാനി ഗ്രൂപ്പിൽ നിന്നുമുള്ള സംരംഭങ്ങളെ പിന്തുണക്കുന്നതിനായി അടുത്ത നാലു വർഷത്തിനുള്ളിൽ 10,000 കോടി രൂപ സംസ്ഥാന സർക്കാറിന് അദാനി ഉറപ്പ് നൽകിയെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രതിരോധവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമിക്കുന്നതിലും ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിലും ഛത്തീസ്ഗഢിൽ ‘ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്റർ’ സ്ഥാപിക്കുന്നതിലും സാധ്യമായ സഹകരണവും യോഗം ചർച്ച ചെയ്തു.
സമാനമായ നിക്ഷേപ പ്രഖ്യാപനം 2022ൽ രാജസ്ഥാനിലും അദാനി നടത്തിയിരുന്നു. 10,000 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനും സിമന്റ് പ്ലാന്റ് വികസിപ്പിക്കുന്നതിനും ജയ്പൂർ വിമാനത്താവളം നവീകരിക്കുന്നതിനുമായി 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.