മുന്‍ കേരള ഗവര്‍ണര്‍ പി. ശിവശങ്കര്‍ അന്തരിച്ചു

ഹൈദരാബാദ്: മുന്‍  കേരള ഗവര്‍ണറും കേന്ദ്രമന്ത്രിയും പ്രമുഖ പിന്നാക്ക വിഭാഗ നേതാവുമായിരുന്ന പി.ശിവശങ്കര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പ്രായാധിക്യത്തിന്‍െറ അവശതകള്‍മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി-രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ സുപ്രധാന  വകുപ്പുകള്‍ കൈയാളിയ അദ്ദേഹം ഇരു മന്ത്രിസഭകളിലെയും ഏറ്റവും സ്വാധീനം ചെലുത്തിയ മന്ത്രിയുമായിരുന്നു. 1995-96 കാലഘട്ടത്തിലാണ് കേരള ഗവര്‍ണറായിരുന്നത്. 1929 ആഗസ്റ്റ് 10ന് ഹൈദരാബാദ് ജില്ലയിലെ മമിദിപള്ളിയില്‍ പി. ബഷിയയുടെ മകനായാണ് ശിവശങ്കറിന്‍െറ ജനനം. സ്വപ്രയത്നത്തിലൂടെ പഠിച്ച് ആന്ധ്ര ഹൈകോടതി ജഡ്ജി പദവിയിലത്തെിയ അദ്ദേഹം പിന്നീട് ജഡ്ജിപദമൊഴിഞ്ഞ് ഹൈകോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ കേസുകളുടെ നടത്തിപ്പിലൂടെ ഇന്ദിരയുടെ ഉറ്റ വിശ്വസ്തനായി മാറി. സിക്കിം ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978ലും ‘80ലും സെക്കന്ദരാബാദ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1980ല്‍ കേന്ദ്ര നിയമമന്ത്രിയും പിന്നീട് ഊര്‍ജ സഹമന്ത്രിയുമായിരുന്നു. 1984ല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് നിര്‍ദേശിച്ചത് ശിവശങ്കറായിരുന്നു.

രാജീവിന്‍െറ പ്രധാനമന്ത്രി പദത്തിന് ശക്തമായ എതിര്‍പ്പ് നേരിട്ടെങ്കിലും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുന്നതില്‍ ശിവശങ്കര്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തില്‍നിന്ന് രാജ്യസഭാംഗമായ അദ്ദേഹം വാണിജ്യം, ആസൂത്രണം, വിദേശകാര്യം, മനുഷ്യവിഭവശേഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെയും മന്ത്രിപദം വഹിച്ചിട്ടുണ്ട്. 1989-91ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ‘88-89 കാലത്ത്  കക്ഷി നേതാവുമായിരുന്നു അദ്ദേഹം. ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അദ്ദേഹം.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, അന്ന് പ്രധാനമന്ത്രിയായിരുന്ന  പി.വി. നരസിംഹറാവുവിന്‍െറ കടുത്ത വിമര്‍ശകനായി മാറി. പിന്നീട് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് നടന്‍ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. 1991ല്‍ നക്സലുകള്‍ ശിവശങ്കറിന്‍െറ ഹൈദരാബാദിലെ വീട്ടില്‍ കയറി അദ്ദേഹത്തിന്‍െറ മൂത്ത മകന്‍ സുധീര്‍ കുമാറിനെ തട്ടിക്കൊണ്ടുപോയത് വന്‍ വിവാദമുയര്‍ത്തിയ സംഭവമാണ്. ഡോ. പി. ലക്ഷ്മി ബായ് ആണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

Tags:    
News Summary - former kerala governor p siva sankar dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.