ഭക്ഷ്യവിഷബാധ; ഒഡീഷയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് 'ദഹി ബാര' കഴിച്ച 58 പേർ ചികിത്സയിൽ

ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ പ്രാദേശിക വിഭവമായ ദഹി ബാര കഴിച്ചതിനെത്തുടർന്ന് കുട്ടികളടക്കം 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒരു വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഭക്ഷണം കഴിച്ച ഗ്രാമവാസികൾക്കാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും ബാധിച്ച ഇവരെ ഉടൻതന്നെ സമീപത്തെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് 52 പേരെ ജാജ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ 25 കുട്ടികളും 27 മുതിർന്നവരുമാണ് ഉളളത്. നിലവിൽ ആരുടെയും നില ആശങ്കാജനകമല്ലെന്നും 21 പേർ ഇതിനകം ആശുപത്രി വിട്ടതായും ജില്ലാ കളക്ടർ അംബർ കുമാർ കർ അറിയിച്ചു.

സംഭവത്തെത്തുടർന്ന് ഒഡീഷ ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ജാജ്പൂർ എം.പി ഡോ. രബീന്ദ്ര കുമാർ ബെഹേരയും ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. ഭക്ഷണത്തിലുണ്ടായ മലിനീകരണമാണ് വിഷബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിൽപന നടത്തിയ ദഹി ബാരയുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനക്കായി അയച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ വഴിയോരക്കച്ചവടക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലാബ് റിപ്പോർട്ട് പുറത്തുവരുന്നതോടെ ഭക്ഷണത്തിൽ കലർന്ന വിഷാംശത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിജോയ് കുമാർ മിശ്ര വ്യക്തമാക്കി.

Tags:    
News Summary - Food poisoning: 58 people in Odisha undergoing treatment after consuming 'Dahi Bara' from a street vendor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.