ശ്രീനഗർ: ഹിമാലയത്തിൽ ഇന്ത്യ തീർത്ത എൻജിനീയറിങ് വിസ്മയം കാണാൻ ആകാശത്തും തിരക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജമ്മു-കശ്മീരിലെ ചെനാബ് പാലം കാണാനും ഫോട്ടോയെടുക്കാനും ഇതുവഴി പോകുന്ന വിമാനങ്ങളിലെ യാത്രക്കാർ ആവേശം കാട്ടുന്നതായാണ് റിപ്പോർട്ട്. ഇവിടെയെത്തുമ്പോൾ പൈലറ്റ് പ്രത്യേക അനൗൺസ്മെന്റ് നടത്തുന്നു, ‘നിങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ ആർച്ച് പാലമായ ചെനാബിന് മുകളിലൂടെയാണ് പോകുന്നത്’. അതോടെ യാത്രക്കാർ പടമെടുക്കാൻ ജനാലകൾക്കരികിലേക്ക് ചായുന്നു.
താഴെയും ആവേശത്തിന് കുറവില്ല. സമീപപ്രദേശങ്ങളിൽനിന്ന് നിരവധി പേരാണ് ചെനാബ് പാലം കാണാനും ഫോട്ടോയും വിഡിയോയും എടുക്കാനും എത്തുന്നത്. ഉധംപൂർ-ശ്രീനഗർ-ബാരാമുല്ല റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായ ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാണ്. നദിയിൽനിന്ന് 359 മീറ്റർ ഉയരമുണ്ട്. ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരം അധികമാണെന്ന് പറയാം.
1.1 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 260 കിലോമീറ്റർവരെ വേഗത്തിൽ അടിച്ചെത്തുന്ന കാറ്റിനെ പ്രതിരോധിക്കാൻ കെൽപുള്ള രീതിയിലാണ് നിർമാണം. ഭൂകമ്പത്തെയും പ്രതിരോധിക്കും. ഭീകരാക്രമണത്തെ ചെറുക്കാൻ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീലാണ് ഉപയോഗിച്ചത്. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാം. 1486 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 120 വർഷത്തെ ആയുസ്സാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.